ചന്ദ്രന് വീടൊരുങ്ങി, പാലുകാച്ചല്‍ ചടങ്ങില്‍ അതിഥിയായി മുഖ്യമന്ത്രി!!

സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷം വീടുകളിലൊന്നിന്‍റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി കൈമാറി.

Last Updated : Feb 29, 2020, 03:43 PM IST
ചന്ദ്രന് വീടൊരുങ്ങി, പാലുകാച്ചല്‍ ചടങ്ങില്‍ അതിഥിയായി മുഖ്യമന്ത്രി!!

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ രണ്ട് ലക്ഷം വീടുകളിലൊന്നിന്‍റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി കൈമാറി.

തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും കുടുംബത്തിനുമാണ് വീട് കൈമാറിയത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് വെച്ച്‌ മുഖ്യമന്ത്രി നിര്‍വഹിക്കും.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എസി മൊയ്തീന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ചന്ദ്രന് വീടിന്റെ താക്കോല്‍ കൈമാറിയത്. കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പൂര്‍ത്തീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 2,14,000 വീടുകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. മൂന്നാം ഘട്ടത്തില്‍ ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .ലൈഫ് മിഷൻ പാർപ്പിട പദ്ധതിയുടെ ഒന്നാം ഘട്ടം ജില്ലയിൽ പൂർത്തിയായത് 95.71% ആണ്.

സർക്കാർ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമാണം പൂർത്തിയാക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകളാണ് ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്തത്.

ഫെബ്രുവരി 29ന് നടക്കുന്ന 2 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ലൈഫ് മിഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/lifemissionkerala യിലൂടെ ലൈവായി കാണാനാവും. പരിപാടിയുടെ വെബ് ലൈവ് സ്ട്രീമിങും ഉണ്ടാകും.

ലൈഫ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുത്തരിക്കണ്ടത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡ് നൽകും.

കേരളത്തിന്‍റെ സമഗ്ര വികസനവും ദുരിതബാധിതർക്കുള്ള സത്വരക്ഷേമ നടപടികളും ഉൾപ്പെടുന്ന ബഹുമുഖ പദ്ധതിയായ നവകേരള മിഷനിലെ പ്രധാന പദ്ധതിയാണ് ലൈഫ്. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷൻ ആരംഭിച്ചത്.

മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തത്.   ഒന്നാംഘട്ടത്തിൽ 2000-01 മുതൽ 2015-16 സാമ്പത്തിക വർഷം വരെ വിവിധ സർക്കാർ ഭവനനിർമ്മാണ പദ്ധതികൾ പ്രകാരം  ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം.

ഒന്നാംഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്ന 54,173 വീടുകളിൽ 52,050 (96.08 %) വീടുകൾ ഇതിനകം നിർമ്മിച്ചു. ഈ ഘട്ടത്തിൽ ഓരോ ഗുണഭോക്താവിനും വീടുപൂർത്തിയാക്കാൻ  ആവശ്യമായ തുക നൽകിയാണ് നിർമ്മാണം നടത്തിയത്.

ഒന്നാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ് ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.

രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 100,460 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത് 92,213 പേരാണ്. ഇവരിൽ 74674 (80.97 %) ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തിയാക്കി.

ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവനനിർമ്മാണങ്ങൾക്കു പുറമെ ലൈഫ് -പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 79520 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 47144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് -പി.എം.എ.വൈ (റൂറൽ) പദ്ധതി പ്രകാരം 17475 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 16640 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു.

ലൈഫ് രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 5851.23 കോടി രൂപയാണ്. ലൈഫ് - പി എം എ വൈ (റൂറൽ) ക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ച 612.60 കോടി രൂപയും ലൈഫ് - പി എം എ വൈ (അർബൻ) ക്കായി ചെലവഴിച്ച 2263.63 കോടി രൂപയും ഇതിൽ ഉൾപ്പെടും.

ഇതുകൂടാതെ, മറ്റു വകുപ്പുകളുടെ ഭവനനിർമ്മാണ പദ്ധതികളും പൂർത്തീകരിച്ചുവരുന്നു. പട്ടികജാതി വകുപ്പിനു കീഴിൽ 18811 വീടുകളും പട്ടികവർഗ വകുപ്പിനു കീഴിൽ 738 വീടുകളും പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പ് നിർമിച്ച വീടുകളുടെ എണ്ണം 3725 ആണ്.

ഇതെല്ലാം കണക്കാക്കുമ്പോൾ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ പൂർത്തിയാക്കിയത് 2,14,000 ത്തിൽപ്പരം വീടുകളാണ്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത്. 32388 വീടുകളാണ് ജില്ലയിൽ നിലവിൽ പൂർത്തിയായത്. 24898 വീടുകൾ പൂർത്തീകരിച്ച് പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.

മൂന്നാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിൽ 18470 വീടുകൾ പൂർത്തിയാക്കി. പത്തനംതിട്ടയിൽ 5594 ഉം ആലപ്പുഴയിൽ 15880 കോട്ടയം, ഇടുക്കി ജില്ലകളിൽ യഥാക്രമം 7983 ഉം 13531 ഉം എറണാകുളത്ത് 14901 ഉം തൃശൂരിൽ 15604 ഉം മലപ്പുറത്ത് 17994 ഉം കോഴിക്കോട് 16381 ഉം വയനാട് 13596ഉം കണ്ണൂരും കാസർഗോഡും യഥാക്രമം 9236, 7688 വീടുകളും പൂർത്തിയായി.
ലൈഫ് മൂന്നാംഘട്ടത്തിൽ 1,06,925 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തി. മൂന്നാംഘട്ടത്തിൽ പ്രധാനമായും ഭവനസമുച്ചയങ്ങളാണ് നിർമിക്കുന്നത്.

പ്രീഫാബ് സാങ്കേതികവിദ്യയാണ് നിർമാണത്തിനായി ഉപയോഗിക്കുക. മൂന്നാം ഘട്ടത്തിന്റെ പരീക്ഷണാടിസ്ഥാനത്തിൽ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയം പൂർത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അർഹരായ മുഴുവൻ ഭൂരഹിത ഭവനരഹിതർക്കും വീട് കൈമാറിക്കഴിഞ്ഞു. 163 ഗുണഭോക്താക്കൾക്കാണ് നിലവിൽ അവിടെ വീടുകൾ ലഭിച്ചത്.

Trending News