പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍; ഗുരുവായൂര്‍ ദര്‍ശനം നടത്തും

രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ പൊതുസമ്മേളനമാണ് ഗുരുവായൂരില്‍ നടക്കുന്നത്.   

Last Updated : Jun 8, 2019, 08:09 AM IST
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍; ഗുരുവായൂര്‍ ദര്‍ശനം നടത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തില്‍ ഇന്നലെ രാത്രി 11.50 ഓടെ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സുരേഷ് ഗോപി എംപി തുടങ്ങിയവര്‍ ചേര്‍ന്ന്‍ സ്വീകരിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബഹ്റ, മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള എന്നിവരടക്കം മുപ്പതോളം പേര്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

തുടര്‍ന്ന്‍ അദ്ദേഹം റോഡ് മാര്‍ഗം 12.05 ഓടെ എറണാകുളം ഗസ്റ്റ്ഹൗസിലെത്തി. ഇന്ന് രാവിലെ അദ്ദേഹം ഗസ്റ്റ്ഹൗസില്‍നിന്ന് നാവിക വിമാനത്താവളത്തിലേക്ക് പോകും. അവിടെനിന്ന് 9.15-ന് ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് പോകുന്നത്. 9.45-ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തും. 

തുടര്‍ന്ന് കാറില്‍ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയശേഷം 10.10-ന് ക്ഷേത്രത്തിലെത്തും. താമരപ്പൂവ് കൊണ്ട് തുലാഭാരം, കളഭചാര്‍ത്ത് ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ദര്‍ശനത്തിനുശേഷം അദ്ദേഹം 11.30-ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പി.യുടെ ‘അഭിനന്ദന്‍ സമ്മേളന്‍’ ഉദ്ഘാടനം ചെയ്യും. 12.40-ന് ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 1.55 വരെ ഇവിടത്തെ ലോഞ്ചില്‍ വിശ്രമിച്ചശേഷം രണ്ടുമണിക്ക് മടങ്ങുമെന്നാണ് സൂചന

രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ പൊതുസമ്മേളനമാണ് ഗുരുവായൂരില്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഗുരുവായൂരിലും പരിസരപ്രദേശത്തും ഒരുക്കിയിരിക്കുന്നത്. 

Trending News