വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങുന്നത്. പി സി ജോര്ജിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.
കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പി സി ജോര്‍ജിനോട് കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന പി സി ജോര്‍ജ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി സി ജോര്‍ജ് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാകില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനകളിലും ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. മത വിദ്വേഷ പ്രസംഗക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണം എന്നത് അടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി സി ജോർജിനെതിരെ ആദ്യം പൊലീസ് കേസെടുത്തിരുന്നത്. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യത്തിലിരിക്കെയായിരുന്നു പി സി ജോർജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തി കേസ് എടുത്തത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയിരുന്നത്. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചതോടെ പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...