പാര്‍ട്ടി നടപടിനേരിട്ട വിവി രാജേഷ് ബിജെപിയുടെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള തിരുവനന്തപുരം ജില്ലയുടെ അധ്യക്ഷനായി തെരെഞ്ഞെടുക്കപെട്ടിരിക്കുകയാണ്.ബിജെപി യെ പിടിച്ചുകുലിക്കിയ മെഡിക്കല്‍ കോഴ ആരോപണത്തെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ:വിവി രാജേഷിനെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.സംഘടനയ്ക്കുള്ളില്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയതില്‍ പാര്‍ട്ടിക്കെതിരെ കോഴആരോപണം ഉയരുന്നു എന്നവിഷയം ചര്‍ച്ചയായത് തന്നെ വിവി രാജേഷിന്‍റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ രാജേഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു.ഇതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജേഷിനെ മാറ്റി നിര്‍ത്തുകയായിരുന്നു.എന്നാല്‍ ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ നില നിന്ന പടലപിണക്കവും സംസ്ഥാന നേതൃത്വത്തില്‍ ചിലര്‍ക്ക് രാജേഷിനോടുള്ള വിരോധവുമായിരുന്നു നടപടിക്ക് പിന്നിലെന്നാണ് രാജേഷിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
കുമ്മനം രാജശേഖരന്‍ അധ്യക്ഷനായിരിക്കെയാണ് വിവി രാജേഷിനെതിരെ നടപടിയെടുത്തത്.നടപടി നേരിട്ടപ്പോഴും പാര്‍ട്ടി പരിപാടികളില്‍ രാജേഷ് സജീവമായിരുന്നു.പ്രവര്‍ത്തകരുമായി തനിക്കുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ സാധാരണ പ്രവര്‍ത്തകനായി രാജേഷ് സജീവമായി രംഗത്തുണ്ടായിരുന്നു.എന്നാല്‍ തെറ്റുകരനല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രാജേഷിനെ തിരികെ കൊണ്ടുവരുന്നതിനും കുമ്മനം ശ്രമം തുടങ്ങിയപ്പോഴാണ് അദ്ദേഹം മിസോറം ഗവര്‍ണറായി നിയമിതനായത്.
ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ യുവതീ പ്രവേശനം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ശബരിമല സന്നിധാനത്ത് ആയപ്പവിശ്വാസികളെ സംഘടിപ്പിച്ച് നടത്തിയ പ്രക്ഷോഭത്തില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനൊപ്പം വിവി രാജേഷും ഉണ്ടായിരുന്നു.പിന്നീട് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വിവി രാജേഷിനെ ബിജെപി സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്തുകയായിരുന്നു.നടപടി നേരിടും മുന്‍പ് ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്ന രാജേഷ് വീണ്ടും പാര്‍ട്ടി വേദികളിലും ചാനല്‍ ചര്‍ച്ചകളിലും സജീവമാവുകയും ചെയ്തു.
എബിവിപി യിലൂടെ സംഘടനാ പ്രവര്‍ത്തനത്തിലെത്തിയ വിവി രാജേഷ് യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു.തദ്ദേശ സ്ഥാപന തെരെഞ്ഞെടുപാണ് വിവി രാജേഷിന് മുന്നിലെ ആദ്യ കടമ്പ.കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയില്‍ മികച്ച പ്രകടനമാണ് ബിജെപി നടത്തിയത്.തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രതിപക്ഷത്ത് ബിജെപിയാണ്,ജില്ലപഞ്ചായത്തില്‍ ബിജെപിക്ക് ഒരംഗത്തെ വിജയിപ്പിക്കാനുമായി.
നിയമസഭാ തെരഞ്ഞെടുപ്പിലും നേമത്ത് വിജയിക്കുകയും ജില്ലയിലാകെ മികച്ച പ്രകടനം നടത്തുന്നതിനും പാര്‍ട്ടിക്ക് കഴിഞ്ഞു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജില്ലയിലെ രണ്ട് സീറ്റുകളിലും തിരുവനന്തപുരത്തും ആറ്റിങ്ങലും ബിജെപിക്ക് വോട്ടിംഗ് ശതമാനം കാര്യമായി വര്‍ധിപ്പിക്കാനും കഴിഞ്ഞു.എന്നാല്‍ വട്ടിയൂര്‍ക്കാവ് ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വോട്ട് ചോര്‍ച്ച പാര്‍ട്ടിയെ തന്നെ ഞെട്ടിച്ചതാണ്.ഇതില്‍ നിന്നും പാര്‍ട്ടിയെ തിരികെ കൊണ്ട് വരുക എന്നവലിയ ദൌത്യവും രാജേഷിന് മുന്നിലുണ്ട്.പാര്‍ട്ടിയെ ഒറ്റകെട്ടായി നയിക്കുക സിപിഎം നും കോണ്‍ഗ്രസിനും ബദലായി മാറ്റുക.അങ്ങനെ നിരവധി വെല്ലുവിളികള്‍ ജില്ലാ അധ്യക്ഷ സ്ഥാനത്ത് രാജേഷ് നേരിടണം.