ഉള്ളൂരിലെ സപ്ലൈക്കോയുടെ പെട്രോൾ പമ്പ് നിർബന്ധിച്ച് അടപ്പിച്ച് സമരക്കാർ

തിരുവനന്തപുരം നഗരത്തിൽ ഉള്ളൂർ ജംഗ്ഷനിലെ സപ്ലൈക്കോയുടെ പെട്രോൾ പമ്പ് സമരക്കാർ നിര്‍ബന്ധിച്ച് അടപ്പിച്ചു. 

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : Mar 29, 2022, 06:28 PM IST
  • തിരുവനന്തപുരം നഗരത്തിൽ ഉള്ളൂർ ജംഗ്ഷനിലെ സപ്ലൈക്കോയുടെ പെട്രോൾ പമ്പ് സമരക്കാർ നിര്‍ബന്ധിച്ച് അടപ്പിച്ചു
  • പണിമുടക്കിന്‍റെ ഭാഗമായി പമ്പ് ഇന്നലത്തെ ദിവസം മുഴുവൻ അടച്ചിട്ടിരുന്നു
ഉള്ളൂരിലെ സപ്ലൈക്കോയുടെ പെട്രോൾ പമ്പ് നിർബന്ധിച്ച് അടപ്പിച്ച് സമരക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കടുത്ത നടപടികളുമായാണ് പാർട്ടികൾ മുന്നോട്ട് നീങ്ങുന്നത്. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ ഉള്ളൂർ ജംഗ്ഷനിലെ സപ്ലൈക്കോയുടെ പെട്രോൾ പമ്പ് സമരക്കാർ നിര്‍ബന്ധിച്ച് അടപ്പിച്ചു. 

മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികളും, ആമ്പുലൻസുകളും നിരന്തരമായി ആശ്രയിച്ച് പോകുന്ന പമ്പ് ആയിരുന്നു ഇത്. പണിമുടക്കിന്‍റെ ഭാഗമായി പമ്പ് ഇന്നലത്തെ ദിവസം മുഴുവൻ അടച്ചിട്ടിരുന്നു. 

Also Read: സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകണം

എന്നാൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇന്ന് രാവിലെ മുതൽ പമ്പ് തുറന്ന് പ്രവർത്തിച്ചിരുന്നു. നിരവധി വാഹനങ്ങൽ ഉൾപ്പെടെ പമ്പ് തുറന്ന ഉടനേ ഇന്ധനം നിറക്കാൻ എത്തിയിരുന്നു. എന്നാൽ ഏതാണ്ട് പത്ത് മണിയോടെ സമരക്കാർ കൂട്ടമായി പമ്പിന് മുന്നിൽ അണിനിരക്കുകയും പമ്പ് അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

 

തുടർന്ന് പമ്പിനകത്ത് ഉണ്ടായിരുന്ന വാഹനങ്ങൾക്ക് മാത്രം ഇന്ധനം നൽകിയിട്ട്  ജീവനക്കാർ വേഗം പമ്പ് പൂട്ടുകയായിരുന്നു. എന്നാൽ പമ്പ് ജീവനക്കാരെ നിർബന്ധിച്ചില്ലെന്നും പമ്പ് അടക്കാൻ ആവശ്യപ്പെട്ട ഉടൻ തന്നെ അവർ അടക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ പ്രതികരണം. എന്നാൽ സമരം ചെയ്ത് കൊണ്ട് കൂട്ടമായി വന്ന പാർട്ടിക്കാരെ ഭയന്നാണ് പമ്പ് അടച്ചതെന്നായിരുന്നു ജീവനക്കാരുടെ മറുപടി. പോലീസ് പമ്പിന് സംരക്ഷണം നൽകാമെന്ന് ജീവനക്കാരോട് പറഞ്ഞെങ്കിലും സമരക്കാർ പ്രശ്നം വഷളാക്കുമോ എന്ന ഭയം കാരണമാണ് പമ്പ് അടച്ചിട്ടതെന്ന് ജീവനക്കാർ പ്രതികരിച്ചു. 

നിരവധി ജനങ്ങൾ ഇന്ധനം നിറക്കാൻ എത്തിയെങ്കിനും പമ്പ് അടച്ചിരിക്കുന്നത് കണ്ട് പലരും നിരാശരായി മടങ്ങി. പാർട്ടിക്കാരുടെ ഈ നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്നും എത്രയും വേഗം പമ്പ് തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വാഹനത്തില്‍ ഇന്ധനം തീരാറായത് നിമിത്തം ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് നിസ്സഹായരായ ജനങ്ങൾ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News