തിരുവനന്തപുരം: രാഷ്ട്രീയത്തിനും അപ്പുറം സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ശരിയോടൊപ്പം നിന്ന് പോരാടുകയും ചെയ്ത വ്യക്തിത്വമായിരുന്നു പിടി തോമസ് എംഎൽഎ. ഗാഡ്ഗിൽ റിപ്പോർട്ടിനോട് അനുകൂല നിലപാട് സ്വീകരിച്ചതിലൂടെ പിടിയിലെ പരിസ്ഥിതിവാദിയെയും കേരളം കണ്ടു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഘട്ടത്തിൽ പോലും അദ്ദേഹം തന്റെ നിലപാട് തിരുത്തിയില്ല.
ഗാഡ്ഗിൽ റിപ്പോർട്ടിൽ പിടിയുടെ നിലപാട് ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയും പിടി തോമസ് ശക്തമായി രംഗത്തെത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ എക്കാലത്തും ശക്തമായ നിലപാടെടുത്ത നേതാവാണ് പിടി തോമസ്.
ALSO READ: Big Breaking | പിടി തോമസ് എംഎൽഎ അന്തരിച്ചു
യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടർ, കെ എസ് യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്കാരിക സംഘടനയായ സംസ്കൃതിയുടെ സംസ്ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. കെ.പി.സി.സി വർക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുൻ എം.പിയും തൊടുപുഴ മുൻ എംഎൽഎയുമായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു അദ്ദേഹം.
അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായായിരുന്നു പിടി തോമസിന്റെ വിയോഗം. ദീർഘകാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 71 വയസ്സായിരുന്നു. 41 വർഷത്തിലേറെയായി രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ കേരളം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...