PT Thomas no more|കോണ്‍ഗ്രസിലെ കലാപശബ്ദം; ആര്‍ക്കും കീഴ്‌പ്പെടാത്ത പിടി തോമസ്... പറയാനുള്ളത് പറഞ്ഞുതീരാതെ മടക്കം

കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അനിഷേധ്യമായ സാന്നിധ്യമായിരുന്നു പിടി തോമസിന്റേത്. പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും നിലപാടുകള്‍ക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചെറുതായിരുന്നില്ല.    

Written by - Zee Malayalam News Desk | Last Updated : Dec 22, 2021, 11:32 AM IST
  • കോണ്‍ഗ്രസിനകത്തും തന്റെ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു പിടി തോമസ്
  • നിയമസഭയിലും പുറത്തും സര്‍ക്കാരിനെതിരെ നിരന്തര പോരാട്ടത്തില്‍ ആയിരുന്നു അദ്ദേഹം
  • കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയും ആയിരുന്നു
PT Thomas no more|കോണ്‍ഗ്രസിലെ കലാപശബ്ദം; ആര്‍ക്കും കീഴ്‌പ്പെടാത്ത പിടി തോമസ്... പറയാനുള്ളത് പറഞ്ഞുതീരാതെ മടക്കം

കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ (Congress) കലാപങ്ങള്‍ ഉയര്‍ത്തിയവര്‍ ഏറെയുണ്ട്. എന്നാല്‍, ആ കലാപങ്ങളൊന്നും തന്നെ പലപ്പോഴും എവിടേയുമെത്താതെ അവസാനിക്കുകയായിരുന്നു പതിവ്. ചിലര്‍, കോണ്‍ഗ്രസ് വിട്ട് മറുചേരികളിലേക്ക് ചേക്കേറിയ ചരിത്രവും കണ്ടിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും കലാപശബ്ദം ഉയര്‍ത്തി അന്നും ഇന്നും നിലകൊണ്ട അപൂര്‍വ്വ നേതാക്കളില്‍ ഒരാളായിരുന്നു പിടി തോമസ് (PT Thomas).

അങ്ങനെയുള്ള പിടി തോമസ്  ആണ് എഴുപതാം വയസ്സില്‍ വിടവാങ്ങിയിരിക്കുന്നത് (PT Thomas no more). അപ്രതീക്ഷിതം എന്ന വിശേഷണത്തില്‍ ഒതുക്കാന്‍ ആകുന്നതല്ല പിടി തോമസിന്റെ ഈ വിയോഗം. എഴുപത് വയസ്സ് എന്നത് പിടി തോമസിനെ പോലെ ഒരു നേതാവിന്റെ വിയോഗത്തിനുള്ള സമയമായിരുന്നോ എന്നതും രാഷ്ട്രീയ കേരളത്തെ വിഷമത്തിലാഴ്ത്തുന്നുണ്ട്.

Read Also: Big Breaking | പിടി തോമസ് അന്തരിച്ചു

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിത്തന്നെയായിരുന്നു പിടി തോമസിന്റേയും തുടക്കം. എന്നാല്‍, പിന്നീട് ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറത്തേക്ക് കോണ്‍ഗ്രസ് എന്ന ഒറ്റ വികാരത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ പിടി തോമസ്, അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡിനും ഏറെ വിശ്വസ്തനും പ്രിയപ്പെട്ടവനും ആയി മാറി. കെഎസ് യുവിലൂടെ ആയിരുന്നു പിടി തോമസിന്റെ രാഷ്ട്രീയ പ്രവേശനം. കെഎസ് യു യൂണിറ്റ് പ്രസിഡന്റില്‍ നിന്ന് തുടങ്ങി സംസ്ഥാന പ്രസിഡന്റ് വരെ അദ്ദേഹം എത്തി. 

അതിന് ശേഷം 1980 ല്‍ ആണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുന്നത്. ഇതിന് പിറകെ കെപിസിസി, എഐസിസി അംഗത്വവും അദ്ദേഹത്തെ തേടിയെത്തി. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചപ്പോള്‍, പിടി തോമസിനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്തു.

1990 ല്‍ ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് പിടി തോമസ് തിരഞ്ഞെടുക്കപ്പെട്ടു. അതിന് പിറകെ 1991, 2001 നിയമസഭീ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് എത്തി. 2016 ലും 2021 ലും തൃക്കാക്കര മണ്ഡലത്തില്‍ നിന്നും അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച് നിയമസഭയില്‍ എത്തി. നിയസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയായിരുന്നു പിടി തോമസ് പരാജയപ്പെട്ടത്. 1996 ലും 2001 ലും. ഈ രണ്ട് പരാജയവും തൊടുപുഴയില്‍ പിജെ ജോസഫിനോടായിരുന്നു.

2009 ല്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു പിടി തോമസ്. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ പിടി തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് ശക്തമായി വാദിച്ചു എന്നത് മാത്രമായിരുന്നു അതിന് കാരണം. എന്നാല്‍, തന്റെ നിലപാടില്‍ നിന്ന് തോമസ് ഒരു ഘട്ടത്തിലും പിറകോട്ട് പോയില്ല. പക്ഷേ, കോണ്‍ഗ്രസിന് പിടി തോമസിനെ ദീര്‍ഘകാലം മാറ്റി നിര്‍ത്തുക എന്നത് അസാധ്യമായിരുന്നു. അങ്ങനെയാണ് അദ്ദേഹം 2016 ല്‍ തൃക്കാര മണ്ഡലത്തിലേക്ക് എത്തുന്നത്.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആയിരുന്നു പിടി തോമസ് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചിരുന്നത്. പാര്‍ട്ടിയുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടോ ഇല്ലയോ എന്നത് പോലും അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പലതിനും തെളിവുകള്‍ മുന്നോട്ട് വയ്ക്കുന്നതില്‍ പിടി തോമസ് പരാജയപ്പെട്ടിരുന്നു. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഏറെ ആവേശം പകരാന്‍ ഇത് സഹായിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News