കോഴിക്കോട്: പുതുപ്പള്ളിയിലെ ജനവിധി സി.പി.എമ്മിന്റെ തകര്‍ച്ചയുടെ തുടക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിലെ ജനങ്ങള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ വിജയിപ്പിച്ചത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതീകമായാണ്. തിരഞ്ഞെടുപ്പിൽ സര്‍ക്കാരിനോടുള്ള കടുത്ത പ്രതിഷേധം പ്രതിഫലിച്ചു. സര്‍ക്കാരിന്റെ മുഖത്ത് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാത്തത് വിചിത്രമാണെന്നും കോന്നി പിടിച്ചെടുത്തപ്പോള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ഇത്രയും വലിയ പരാജയമുണ്ടായിട്ടും ഒന്നും മിണ്ടാന്‍ തയാറല്ല. ജനവിധി ഗൗരവതരമായി കാണുന്നില്ലെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് താക്കീത് നല്‍കാന്‍ പുതുപ്പള്ളിയിലെ വലിയൊരു വിഭാഗം ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിന് വോട്ട് ചെയ്തു. അത്രത്തോളം ശക്തമായ എതിര്‍പ്പാണ് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ പുതുപ്പള്ളിയിലുണ്ടായത്. ഇങ്ങനെ പോയാല്‍ ബംഗളിലെ അനുഭവം കേരളത്തിലെ സി.പി.എമ്മിനുണ്ടാകുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നുണ്ട്. സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു കൊണ്ട് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത് സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ്. എന്നാൽ ഫലം വന്നപ്പോൾ അത് മാറ്റിപ്പറഞ്ഞു. മലക്കം മറിയല്‍ വിദഗ്ധനാണ് ഗോവിന്ദന്‍. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധപതിച്ചിരിക്കുകയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...