പത്തനംതിട്ട: ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു.
ജയിലില്‍ എത്തി രഹനയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സംഘം കൊട്ടാരക്കര ജയിലിലെത്തി രഹ്നയെ ചോദ്യം ചെയ്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
രഹ്ന ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹനയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹനയെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് അറസ്റ്റ്.
തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.
ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ് രഹന ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്.
അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. ബിഎസ്എൻഎൽ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നിഷൻ ആയിരുന്നു രഹന.