തിരുവനന്തപുരം: സംഘപരിവാറിനെതിരെയും ശബരിമല തന്ത്രിയ്ക്കെതിരെയും ആഞ്ഞടിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിയ്ക്കാൻ തന്ത്രിയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ചെയ്തത് അംഗീകരിയ്ക്കാനാകില്ല അദേഹം കൂട്ടിച്ചേര്‍ത്തു.
1949 ലെ കവനന്‍റ് അനുസരിച്ച് അവകാശമുണ്ടെന്ന് ചിലർ പറയുന്നു. ആ കവനന്‍റ് പ്രകാരം തിരുവിതാകൂർ കൊച്ചി രാജാക്കൻമാരും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വി.പി.മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യങ്ങളാണ് അതിൽ പറയുന്നത്. ഒന്ന് തിരുക്കൊച്ചി ലയനം. തിരുവിതാംകൂറിന് കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലും കൊച്ചി രാജാവിന് കീഴിലുള്ള ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിന് കീഴിലും കൊണ്ടുവരണം എന്നതാണ് അതിലെ പ്രധാന വ്യവസ്ഥ. പന്തളം രാജാവ് ഇതിൽ കക്ഷിയായിരുന്നില്ല. പന്തളം രാജാവ് അധികാരം തിരുവിതാംകൂർ രാജാവിന് നേരത്തെ അടിയറ വച്ചിരുന്നു. ശബരിമലയിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരം അധികാരങ്ങൾ പണ്ട് മുതൽത്തന്നെ ഇല്ലാതായതായി കാണാൻ കഴിയും. ആദ്യം തിരുവിതാംകൂർ രാജാവിന്‍റെയും, പിന്നീട് തിരുക്കൊച്ചി സംസ്ഥാനത്തിന്‍റെയും സ്വത്തായിരുന്ന ശബരിമല പിന്നീട് ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോൾ സംസ്ഥാനത്തിന്‍റെ സ്വത്തായി മാറുകയായിരുന്നു. പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ഭരിയ്ക്കാൻ രൂപീകരിച്ച ദേവസ്വംബോർഡിന്‍റെ കീഴിലായി ശബരിമല. അങ്ങനെ നോക്കിയാൽ ശബരിമലയുടെ നിയമപരമായ അവകാശി ദേവസ്വംബോർഡ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനുള്ള ഗൂഢ പദ്ധതി അവര്‍ തയ്യാറാക്കി. ശബരിമലയിലേക്ക് വന്ന യുവതികളായ ഭക്തകളെ ആക്രമിച്ചു. മാധ്യമങ്ങളെയും വലിയ തോതില്‍ ആക്രമിച്ചുവെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല ഒരു ആരാധനാ സ്ഥലമാണ്. ആരാധനയ്ക്കാവശ്യമായ ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യ൦. വിശ്വാസികളുടെ വിശ്വാസത്തെയും ബഹുമാനിക്കുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ അധികാരം സര്‍ക്കാരിനാണ്. സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ട്. അതിന് അവസരമൊരുക്കുകയും സഹായം നല്‍കുകയുമാണ് സര്‍ക്കാറിന്‍റെ നയം.
ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരോ പൊലീസോ വിശ്വാസികളെ തടയാന്‍ തയ്യാറായിട്ടില്ല. പന്തല്‍കെട്ടി നടത്തിയ സമരത്തെ പോലും സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. സമരത്തിന്‍റെ രീതി മാറിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.