Rocketry-The Nambi Effect: റോക്കട്രറിയുടെ വന്‍ വിജയം; 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയുമായി നിര്‍മാതാവ് വര്‍ഗീസ് മൂലന്‍

Varghese Moolan foundation: റോക്കട്രറി - ദി നമ്പി എഫക്ട് എന്ന ചിത്രത്തിൻറെ ലാഭത്തില്‍ നിന്ന് 18 വയസ്സിന് താഴെ പ്രായമുള്ള 60 നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങുകയാണ് നിര്‍മാതാവും വ്യവസായിയുമായ വര്‍ഗീസ് മൂലന്‍. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 09:04 AM IST
  • വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷനും ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്നാണ് 18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയകൾ നടത്തുക
  • കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലായാണ് കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കുക
Rocketry-The Nambi Effect: റോക്കട്രറിയുടെ വന്‍ വിജയം; 60 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയുമായി നിര്‍മാതാവ് വര്‍ഗീസ് മൂലന്‍

കൊച്ചി: തിയേറ്ററില്‍ വന്‍ വിജയമായ റോക്കട്രറി - ദി നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ വൻ വിജയത്തിന്റെ സന്തോഷം വ്യത്യസ്തമായി ആഘോഷിച്ച് നിര്‍മാതാവ് വര്‍ഗീസ് മൂലന്‍. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറ് കോടി ക്ലബ്ബില്‍ കയറിയിരുന്നു. ചിത്രത്തിന്റെ ലാഭത്തില്‍ നിന്ന് 18 വയസ്സിന് താഴെ പ്രായമുള്ള 60 നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങുകയാണ് നിര്‍മാതാവും വ്യവസായിയുമായ വര്‍ഗീസ് മൂലന്‍. 

വര്‍ഗീസ് മൂലന്‍സ് ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷനും ഇന്ത്യയില പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സും ചേര്‍ന്നാണ് 18 വയസ്സിന് താഴെ പ്രായമുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയകൾ നടത്തുക. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലായാണ് കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കുക. ശാസ്ത്രക്രിയകള്‍ക്ക് മുന്നൊരുക്കമായി ഒക്ടോബര്‍ 30 രാവിലെ 9.30-ന് അങ്കമാലി ടിബി ജങ്ഷനിലെ സിഎസ് ഓഡിറ്റോറിയത്തില്‍ വച്ച് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉദ്ഘാടനം ചെയ്യും. നമ്പി നാരായണനെ റോക്കട്രറി സിനിമയില്‍ അവതരിപ്പിച്ച നടന്‍ മാധവന്‍, ജില്ലാ കളക്ടര്‍ രേണു രാജ് ഐ.എ.എസ്, റോജി ജോണ്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷന്‍, ഹൃദയ സ്പര്‍ശം (ടച്ച് എ ഹാർട്ട്) പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ഇത് വരെ 201 കുട്ടികളുടെ ഹൃദയശാസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. ലൈബീരിയന്‍ പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം കൊച്ചിയില്‍ കൊണ്ട് വന്ന് ശസ്ത്രക്രിയ നടത്തിയ രണ്ട് ആഫ്രിക്കൻ കുട്ടികളും ഇവരിൽ ഉൾപ്പെടുന്നു. കൂടാതെ ഹോം-സ്വീറ്റ്-ഹോം പദ്ധതി വഴി ഒന്നര ഡസനിലധികം വീടുകളും കിന്‍ഡില്‍ എ-കാന്‍ഡില്‍ പദ്ധതി വഴി ഡസന്‍ കണക്കിന് യുവതികള്‍ക്ക് വിവാഹനിധിയും, കിഡ്‌നി ട്രാന്‍സ്പ്ലാന്റുകളും, ഫ്ലൈ എ ഫയർഫ്ലൈ പദ്ധതി വഴി വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളും നൽകിയിട്ടുണ്ട്.

ALSO READ: Rocketry: The Nambi Effect : പത്മഭൂഷൺ നൽകി ആദരിക്കും മുന്നേ എനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹി: നമ്പി നാരായണൻ

മെഡിക്കല്‍ ക്യാമ്പിന് ശേഷം വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ അങ്കമാലി ടിബി ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന മൂലന്‍സ് ഹൈപ്പര്‍ മാര്‍ട്ടിലെ ഈ വര്‍ഷത്തെ ഏറ്റവും നല്ല 100 ഉപഭോക്താക്കള്‍ക്കുള്ള സമ്മാനങ്ങളായി കാര്‍, ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടര്‍ റെഫ്രിജറേറ്റര്‍, സ്വര്‍ണ്ണ നാണയങ്ങള്‍, സമ്മാന കൂപ്പണുകള്‍ എന്നിവ വിതരണം ചെയ്യും. അതിന് ശേഷം 'സൂര്യ അങ്കമാലി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കലാസന്ധ്യയില്‍, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സമുദ്ര' എന്ന കണ്‍ടെമ്പററി കലാവിരുന്ന് ഉണ്ടായിരിക്കും.

മെഡിക്കല്‍ ക്യാമ്പിനെയും, രജിസ്‌ട്രേഷനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്  9249500044, 8111988077, 8848834523 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍, ഫൗണ്ടേഷന്‍ ഡയറക്ടര്‍ വിജയ് മൂലന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, കേരള ആന്‍ഡ് മാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡയക്ടര്‍ ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ കാര്‍ഡിയോളജി വിഭാഗത്തിലെ മറ്റു ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച് മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ റോക്കട്രി ദ നമ്പി ഇഫക്ട് എന്ന സിനിമയില്‍ ഷാരൂഖ് ഖാനും സൂര്യയും അതിഥി  വേഷത്തില്‍ എത്തിയിരുന്നു. സിമ്രാനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മാധവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഫിലിസ് ലോഗന്‍, വിന്‍സെന്റ് റിയോട്ട, റോണ്‍ ഡൊനൈചെ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര, മിഷ ഘോഷാല്‍,ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, ദിനേഷ് പ്രഭാകര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു. 

ALSO READ: Rocketry The Nambi Effect: ടൈംസ് സ്‌ക്വയറിൽ തെളിഞ്ഞ് റോക്കട്രി; ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക്

ഡോ.വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ച്ചേഴ്സിനൊപ്പം ആര്‍.മാധവന്റെ ട്രൈകളര്‍ ഫിലിംസും ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27 ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങിയിരുന്നു. നൂറ് കോടി ക്ലബ്ബില്‍ ചുരുങ്ങിയ ദിവസം കൊണ്ട് കയറിയ ചിത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചിരുന്നു.  ഇന്ത്യ, ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജോര്‍ജിയ, സെര്‍ബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവ്.

നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ-ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ്: ബിജിത്ത് ബാല, സംഗീതം: സാം സി.എസ്, പി.ആര്‍.ഒ : ആതിര ദില്‍ജിത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News