തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ റോഡ് നിയമ ലംഘനങ്ങൾ നടത്തുകയും സോഷ്യൽ മീഡിയ വഴി അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രൊഫൈലുകൾ വെരിഫെ ചെയ്ത് 30 ഓളം ബൈക്ക് റെഡേഴ്സും വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ തിരുവനന്തപുരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്പെഷൽ ഓപ്പറേഷൻ വഴി പിടികൂടി. ഹൈവേ ഉൾപ്പെടെയുള്ള റോഡുകളിൽ മറ്റു യാത്രികകരെ അപകടപ്പെടുത്തുന്ന രീതിയിൽ റാഷ് ഡ്രൈവ്, ബൈക്ക് സ്റ്റണ്ട് എന്നിവ ചെയ്യുകയും അത് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക് തുടങ്ങിയവയിലൂടെ പ്രചരിപ്പിച്ച് താരമാകാൻ ശ്രമിക്കുന്ന വലിയ വിഭാഗം ന്യൂജൻ റൈഡേഴ്സ് റോഡ് സേഫ്റ്റി എൻഫോഴ്സ്മെന്റിന് തലവേദനയാണ്.
കാതടിപിക്കുന്ന ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ചും രജിസ്ട്രേഷൻ നമ്പർ പ്രദർശിപിക്കാതെയും രജിസ്റ്റർ ചെയ്ത കളർ മാറ്റിയും ഓടുന്ന ഇത്തരം വാഹനങ്ങൾ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് ശ്രമകരമാണ്. അമിതവേഗതയിൽ ചീറിപ്പായുന്ന ഇത്തരം സൂപ്പർ ബൈക്കുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ റോഡ് ചെക്കിംഗിലൂടെയോ എഐ ക്യാമറ വഴിയോ കഴിയില്ല.ഇത്തരം പ്രൊഫൈലുകൾക്കും ഗ്രൂപ്പുകൾക്കും കുട്ടികളിൽ വൻ സ്വാധീനമാണ് ഉള്ളത്. പുതിയ തലമുറയിലെ ഒരു വിഭാഗത്തിന്റെ ഇത്തരം കുറ്റകൃത്യങ്ങളിലൂടെ നിരവധി അപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് പോസ്റ്റു ചെയ്യപ്പെടുന്ന നിരവധി ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുപ്പതോളം റൈഡേഴ്സ് പിടിയിലായത്.
ഇവരുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെ വലിയ തുക ഫൈനുകൾ നൽകുകയും ചെയ്തു. തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു .ബി എസ്, ശിവപ്രസാദ്, അരുൺ കൃഷ്ണൻ എന്നിവരടങ്ങിയ സ്ക്വാഡാണ് സ്പെഷ്യൽ ഓപ്പറേഷനിൽ പങ്കെടുത്തത്. പിടിക്കപ്പെട്ടാലും വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന സ്വഭാവക്കാരായതിനാൽ ഇതിനു ശേഷവും പിടിക്കപ്പെട്ടാൽ ലൈസൻസ് റിവോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ഇത്തരത്തിലുള്ള നിരവധി പ്രൊഫൈലുകൾ മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സ്പെഷ്യൽ ഓപ്പറേഷൻ തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അജിത് കുമാർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...