ശബരിമലയിൽ സ്ത്രീ പ്രവേശനം: നിലപാടില്‍ ഉറച്ച് കേരള സര്‍ക്കാര്‍; പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനമാകാം

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതുസംബന്ധിച്ച സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സർക്കാർ സമർപ്പിച്ചു. 

Last Updated : Nov 7, 2016, 05:05 PM IST
ശബരിമലയിൽ സ്ത്രീ പ്രവേശനം: നിലപാടില്‍ ഉറച്ച് കേരള സര്‍ക്കാര്‍; പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനമാകാം

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതുസംബന്ധിച്ച സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സർക്കാർ സമർപ്പിച്ചു. 

പ്രായദേഭമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്നാണ് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. ഈ നിലപാടിൽ മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് നിലവിലെ കേരളാ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 20ലേക്ക് മാറ്റി.

കഴിഞ്ഞ ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഭരണം മാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടോ എന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ വി. ഗിരിയെ മാറ്റി പകരം അഡ്വ. ജയ്ദീപ് ഗുപ്തയാണ് ഇത്തവണ ഹാജരായത്. 

ശബരിമലയിൽ നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട്. യു.ഡി.എഫ് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം പരിഗണിക്കേണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 

പിണറായി സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ ജൂലൈ 11ന് കേസ് പരിഗണിച്ചപ്പോൾ സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി, ഈ വിഷയത്തിൽ യു.ഡി.എഫ് സർക്കാറിന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് കോടതിയെ അറിയിച്ചത് വിവാദമായിരുന്നു.

അതേസമയം ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നാണ് തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. കേസില്‍ കക്ഷിചേരാന്‍ അയ്യപ്പ ധര്‍മസേനയുടെ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അപേക്ഷ നല്‍കിയിരുന്നു. നിലവിലെ രീതി തുടരണമെന്നാണ് രാഹുലിന്‍റെയും ആവശ്യം. വി.കെ ബിജു മുഖേനയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Trending News