പത്തനംതിട്ട: ശബരിമലയില്‍ കൊതുകുജന്യ രോഗപ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. സന്നിധാനത്ത് വെള്ളിയാഴ്ച ഉറവിടനശീകരണവും ഫോഗിങ്ങും നടത്തി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ഇരുപാതകളിലുമുള്ള ഹോട്ടലുകള്‍, വ്യാപരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ ശുചിത്വ പരിശോധന നടത്തി. കൊതുകു നിവാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് പോലീസ് ബാരക്ക് ഏരിയയില്‍ ഫോഗിങ് നടത്തിയിരുന്നു.
സന്നിധാനത്തെ പോലീസ് ബാരക്കിലെ ചിക്കന്‍പോക്സ് സ്ഥിരീകരിച്ച അഞ്ച് പൊലീസുകാരെ ഇരുപത്തിരണ്ടാം തീയതി തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ബാരക്ക് അണുവിമുക്തമാക്കിയിരുന്നു. ശനിയാഴ്ച വരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ സൂചനയായാണിത് വിലയിരുത്തപ്പെടുന്നത്. ചിക്കന്‍പോക്‌സ് വായുജന്യരോഗമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ALSO READ: ശബരിമലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്
മണ്ഡല തീര്‍ത്ഥാടന കാലത്ത് പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനും ഭക്തര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലെ ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ക്കും വിവിധങ്ങളായ രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്ക് വേണ്ട വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൊറോണ ലക്ഷണമുള്ളവരെ പമ്പയില്‍ തന്നെ ആന്റിജന്‍ ടെസ്റ്റ് ചെയ്യും. രോഗം കണ്ടെത്തുന്നവരില്‍ തീവ്രമായ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ ക്വാറന്റൈനില്‍ വിടുകയും ചെയ്യും. ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ വകുപ്പുകള്‍ വിവിധ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
ALSO READ: Sabarimala: ഇടത്താവളം പേരിനുമാത്രം; സൗകര്യങ്ങളില്ലാതെ വലഞ്ഞ് അയ്യപ്പ ഭക്തർ
ആരോഗ്യ വകുപ്പിന്റെ സന്നിധാനത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്തെ ഓഫീസ് മുറികളിലും താമസ സ്ഥലങ്ങളിലും അണുനശീകരണം ചെയ്തു. കൊതുക് നിര്‍മ്മാര്‍ജ്ജനത്തിന് വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മെഷീന്‍ ഫോഗിങ് ചെയ്യുന്നു. എലിപ്പനി തടയാന്‍ 200 മില്ലി ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ രോഗസാധ്യതയുള്ളിടത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് വിതരണം ചെയ്തു.
ഭക്ഷ്യ ശാലകളിലെ ശുചിത്വം ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ സ്ഥിരമായി പരിശോധന നടത്തുന്നു. ആയുര്‍വേദ വകുപ്പ് ശബരിമല സന്നിധാനത്തും വിവിധ വകുപ്പ് ഓഫീസുകളിലും പോലീസ് ക്യാമ്പിലുമെല്ലാം വൈകുന്നേരം ആറ് മണിക്ക് ധൂപസന്ധ്യ എന്ന പേരില്‍ അപരാജിതധൂപം പുകച്ച് അണുനശീകരണം ചെയ്യുന്നു. ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ സന്നിധാനത്ത് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്തു വരുന്നു. ചിക്കന്‍ പോക്‌സ് പ്രതിരോധത്തിന് 1700 പ്രതിരോധ ഗുളിക ഹോമിയോ വകുപ്പ് ശബരിമലയില്‍ വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...