തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി തീർത്ത മഹാമാരിക്കാലം കഴിഞ്ഞ് ജൂൺ ഒന്നു മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം ഗവൺമെൻറ് യുപി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വൈവിധ്യങ്ങളായ പദ്ധതി പ്രവർത്തനങ്ങളാണ് സമഗ്ര ശിക്ഷ കേരളം നിർവഹിച്ച് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷിതാക്കളെ കൂടി പരിഗണിച്ച് അവർക്ക് ആവശ്യമായ പിന്തുണയും കരുതലും സ്വയംതൊഴിൽ പരിശീലനങ്ങളും കൂടി ഉൾപ്പെടുത്തിയാണ് ഇത്തരം സഹവാസ ക്യാമ്പുകൾ സംസ്ഥാനത്ത് ഉടനീളം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകേണ്ട കിടപ്പിലായ കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചയ്ക്കും അത്തരം കുട്ടികളുടെ പരിചരണത്തിന് ആവശ്യമായ രക്ഷിതാക്കൾക്കുള്ള തുടർ പരിശീലനങ്ങളും സമഗ്ര ശിക്ഷ കേരളയുടെ ബി ആർ സികൾ വഴി നടപ്പിലാക്കുന്നുണ്ട്. പുതിയ അക്കാദമിക വർഷം മുതൽ കൂടുതൽ പദ്ധതികൾ ഭിന്നശേഷി മേഖലയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വി.ശശി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിന് എസ്.എസ്.കെ ഡയറക്ടർ ഡോ.സുപ്രിയ എ. ആർ സ്വാഗതം പറഞ്ഞു. സഹവാസ ക്യാമ്പുകളുടെ രൂപരേഖ, പദ്ധതി വിശദീകരണം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം , ക്യാമ്പ് മൊഡ്യൂൾ പ്രകാശനം തുടങ്ങിയവ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ നിർവഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ, മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടവിളാകം സുമ, എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ് വൈ . ഷൂജ , വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. സന്തോഷ് കുമാർ, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് വി. മുരളീധരൻ, ഡി. പി. സി ബി. ശ്രീകുമാരൻ, ഡിപിഒ രശ്മി ടി. എൽ തുടങ്ങിയവർ സംസാരിച്ചു .മൂന്ന് ദിനങ്ങളിലായി നടക്കുന്ന സഹവാസ ക്യാമ്പിൽ കലാപരിപാടികൾ, പരിസ്ഥിതി യാത്ര, എക്സിബിഷൻ, കുട്ടികളുടെ കലാ പ്രകടനങ്ങൾ തുടങ്ങിയവ ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...