തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
വനംമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയിലും നിരവധി പേർ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ലൈബ്രറി അടച്ചു. ഇരുപത്തിമൂന്നാം തിയതി വരെയാണ് ലൈബ്രറി അടച്ചതായി അറിയിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 22,000 കടന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്.
എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്.
ALSO READ: Kerala Covid Update| കുതിച്ചു കയറുന്ന കണക്ക്, സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്
ഇനിയും കേവിഡ് കേസുകൾ കുത്തനെ ഉയരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രായമായവർക്കും മറ്റനുബന്ധ രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മർദത്തിലാക്കും. അതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...