കാസർകോട്: ചെറുവത്തൂരിൽ ഷവർമ്മ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു പെൺകുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഒരു കുട്ടിക്ക് വൃക്കയ്ക്ക് തകരാറും മറ്റൊരു കുട്ടിക്ക് ഹൃദ്രോഗവും ഉണ്ട്. ഇത് കൂടാതെ കണ്ണൂര്‍ മിംസ് ആശുപത്രിയിലും മൂന്ന് കുട്ടികളെ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിയാരത്ത് പ്രവേശിപ്പിച്ച കുട്ടികളുടെ വിദഗ്‌ദ ചികിത്സക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ നിലവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ട കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാക്കും. സംഭവത്തിൽ ഷവർമ്മ വിറ്റ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിലെ 2 ജീവനക്കാരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന് നേരെയാണ് കേസെടുത്തിരിക്കുന്നത്. ഈ 2 ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിൽസ തേടിയിട്ടുള്ളത്. സംഭവത്തിൽ ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയിന്റ്. സംഭവത്തെ തുടർന്ന് കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിർദ്ദേശവും നല്‍കിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടയിൽ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നുവെന്നും ഇതിനെതിരെ കർശന നടപടി എടുക്കുമെന്നും പറഞ്ഞ മന്ത്രി ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...