ബംഗുളൂരു : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗുളൂരു കോടതിയില്‍ ഹാജരായി. രാവിലെ 10.30 ന് അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം ബംഗുളൂരു സെഷന്‍സ് കോടതിയില്‍ എത്തിയത്.
കഴിഞ്ഞ ഡിസംബർ 14നാണ് ഹാജരാകാൻ ആവശ്യപ്പെട്ടതെങ്കിലും അസൗകര്യമറിയിച്ച് ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചത്.
അതേസമയം, ബംഗളുരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം ഒമ്പതിലേക്കു മാറ്റി. വ്യവസായി എം.കെ.കുരുവിളയുടെ അഭിഭാഷകന്‍റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നതു മാറ്റിയത്.
കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. സോളര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം നല്‍കി ബെംഗളൂരു വ്യവസായിയായ എം.കെ. കുരുവിളയില്‍നിന്ന് പണം കൈപ്പറ്റി എന്നാണ് കേസ്.
വ്യവസായി എം.കെ കുരുവിള നല്‍കിയ പരാതിയില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 24 ന് ആയിരുന്നു ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറ് പ്രതികള്‍ 1.68 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് ബംഗുളൂരു സെഷന്‍സ് കോടതി ആവശ്യപ്പെട്ടത്.
ഈ വിധി ചോദ്യം ചെയ്ത് ഉമ്മന്‍ചാണ്ടി നല്‍കിയ രണ്ട് ഹര്‍ജികളില്‍ ഒരെണ്ണം കോടതി തള്ളിയിരുന്നു. രണ്ടാമത്തെ ഹര്‍ജിയില്‍ വാദം കേട്ട കോടതി കുറ്റക്കാരനല്ലെന്നതിന് തെളിവുകളുമായി ഉമ്മന്‍ചാണ്ടി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.