സ്വാഭാവിക റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി കാരണം ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടായ തകർച്ചയും ഉത്പാദന ക്ഷമതയിലുണ്ടായ ഇടിവും കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ റബർ കർഷകരുടെ സംരക്ഷണത്തിനായി അടിയന്തിരമായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷിമന്ത്രി കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഘോയലിന് കത്ത് അയച്ചു. 2011 ജനുവരിയിൽ 233 രൂപ വിലയെത്തിയ RSS -4 സ്വാഭാവിക റബ്ബർ പിന്നീട് ക്രമാതീതമായി വിലയിടിഞ്ഞ് ഇപ്പോൾ 136 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിലും കർഷകർ പിടിച്ചുനിൽക്കുന്നത് 2015 -16 വർഷം മുതൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി ഒന്നുകൊണ്ട് മാത്രമാണ്.
RSS-4 ഗ്രേഡ് റബ്ബറിന് ചെറുകിട ഇടത്തരം കർഷകർക്ക് 170 രൂപ ഉറപ്പു നൽകുന്ന പദ്ധതിയാണ് റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം. ഉത്പാദന ചെലവിലുണ്ടായ വർദ്ധനവു കാരണം റബ്ബറിന് കുറഞ്ഞത് 250 രൂപയെങ്കിലും ലഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് പ്രത്യേക സംരക്ഷണം വേണം. അസിയാൻ രാഷ്ട്രങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന സ്വാഭാവിക റബ്ബറിന് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തണം. പ്രൊഡക്ഷൻ ഇൻസെന്റീവ് കുറഞ്ഞത് 250 രൂപയെങ്കിലും ആക്കുന്നതിനുള്ള ധനസഹായം നൽകണം. തോട്ടങ്ങളുടെ പുനരുജീവനത്തിന് ഹെക്ടറിന് 50,000 രൂപ ധനസഹായം നൽകണം. ചെറുകിട -ഇടത്തരം കർഷകരുടെ താൽപര്യ സംരക്ഷണത്തിനായി നാഷണൽ റബ്ബർ പോളിസി രൂപീകരിക്കണം. ലൈവിലി ഫുഡ് സെക്യൂരിറ്റി ബോക്സിൽ സ്വാഭാവിക റബ്ബറിനെ കൂടി ഉൾപ്പെടുത്തണം.
ലോക വ്യാപാര കരാറുകളിലും മറ്റു ദേശീയ -സ്വാതന്ത്ര്യ വ്യാപാര കരാറുകളിലും സ്വാഭാവിക റബ്ബറിനെ ഒരു കാർഷികോത്പന്നമായി പരിഗണിക്കണം. എന്നിങ്ങനെയാണ് കേന്ദ്രത്തിനെഴുതിയ കത്തിൽ ആവശ്യപ്പെട്ടത്. സ്വാഭാവിക റബറിന്റെ വിലയിടിവ് സംസ്ഥാനത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ ആകെ തകർത്തിരിക്കുകയാണെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി. രാജ്യത്തെ റബർ ഉൽപാദനത്തിന്റെ 80 ശതമാനത്തിലധികം ഉത്പാദനം നടത്തുന്ന കേരളത്തിൽ 87 ശതമാനവും ചെറുകിട- ഇടത്തരം യൂണിറ്റുകളാണ് ഉള്ളത്. റബ്ബർ ഉൾപ്പെടെയുള്ള വിവിധ തോട്ടവിളകളുടെയും സുഗന്ധവിളകളുടെയും കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ഈ കാർഷിക വിളകളാണ്.
ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബ്ബറിന് നിയന്ത്രണമേർപ്പെടുത്തണമെന്നും വിവിധങ്ങളായ കാർഷികവിളകൾക്ക് താങ്ങുവില ഏർപ്പെടുത്തണ മെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യം പലതവണ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും കൊപ്രയുടെ കാര്യത്തിൽ മാത്രമാണ് താങ്ങുവില പ്രഖ്യാപനം ഉണ്ടായത്. എന്നാൽ സംസ്ഥാനത്തെ ഉയർന്ന ഉൽപാദന ചെലവ് പരിഗണിക്കുമ്പോൾ അതും അപര്യാപ്തമാണെന്ന് മനസ്സിലാക്കാൻ കഴിയും. ഈ സാഹചര്യത്തിൽ തുടർച്ചയായ പ്രകൃതി ദുരന്തങ്ങളാൽ മന്ദഗതിയിലായ സംസ്ഥാനത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളാണ് കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...