ശ്രീലങ്കൻ സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു

ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.  

Last Updated : Jan 4, 2019, 12:20 PM IST
ശ്രീലങ്കൻ സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്.

ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്.

പൊലീസിന്‍റെ അനുമതിയോടെ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നുമാണ് പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്. 

ഭാര്യയ്ക്കൊപ്പം പമ്പയിൽ നിന്ന് മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ മാധ്യമ ക്യാമറകൾ കണ്ട് കൂടെ ഉണ്ടായിരുന്ന പൊലീസുകാർ പിന്തിരിഞ്ഞെന്ന് ഭര്‍ത്താവ് ശരവണമാരൻ പറഞ്ഞു. എന്തായാലും 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. 

Trending News