വിദ്യാർഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു പരിക്കേറ്റ സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ചിങ്ങവനം പൊലീസാണ് അപകടത്തിന് കാരണമായ ബസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ ചിങ്ങവനം കൈനടി സ്വദേശി മനീഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മനീഷായിരുന്നു ബസിന്റെ ഡ്രൈവർ. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ വാഹനം ഓടിച്ചതിനും അശ്രദ്ധമായ ഡ്രൈവിങ്ങിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കോട്ടയം ചിങ്ങവനത്തിനടുത്ത് പാക്കിൽ ഇന്നലെ, ഒക്ടോബർ 7 ന് വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്.
എട്ടാം ക്ലാസുകാരനായ അഭിരാം ആണ് ബസിൽ നിന്ന് തെറിച്ചുവീണത്. വിദ്യാർഥിയുടെ മുഖത്ത് പരിക്കുണ്ട്. രണ്ട് പല്ലുകൾ ഇളകി, വലത് കൈ മുട്ടിനും പരിക്കേറ്റു. ബസ് അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ബസിൻ്റെ അമിത വേഗതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ വാതിൽ അടക്കാതെയാണ് ബസ് അമിതവേഗതയിൽ പാഞ്ഞതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
കോട്ടയം - കൈനടി റൂട്ടിലോടുന്ന ചിപ്പി ബസിൽ നിന്നാണ് വിദ്യാർഥി തെറിച്ചു വീണത്. ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച ഡ്രൈവറോട് ഹാജരാകാൻ ആർടിഒ നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...