ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീംകോടതി. കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഈ മാസം 31 വരെ ജലനിരപ്പ്142 അടിയില്‍ നിന്നും മൂന്ന് അടി കുറച്ച് 139 അടിയാക്കി നിർത്തണമെന്നാണ് നിർദേശം. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 139. 9 അടിയാണ്.
സംയുക്ത മേല്‍നോട്ടസമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് സെപ്റ്റംബര്‍ 6 ന് വീണ്ടും പരിഗണിക്കും.
സുപ്രീം കോടതി കഴിഞ്ഞ 17നു നൽകിയ നിർദേശമനുസരിച്ചാണു ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേർന്നത്. മുല്ലപ്പെരിയാർ പ്രശ്നവും കേരളത്തിലെ പ്രളയ ദുരിതാശ്വാസ നടപടികളും സുപ്രീം കോടതി ഇന്നു വീണ്ടും പരിശോധിച്ചപ്പോഴാണ് ഇത്തരമൊരു നിർദേശം നൽകിയത്.
തമിഴ്‌നാടിന് തിരിച്ചടിയാകുന്ന നിര്‍ദേശമാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
ഇപ്പോഴത്തെ മഴ സീസൺ തീരുന്ന അടുത്തമാസം 15 വരെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിർത്താൻ കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്‍റെ നിലപാടിനെ കേന്ദ്രവും പിന്തുണച്ചു.