സൗമ്യ വധക്കേസ്: തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതിയുടെ ആറംഗ ബെഞ്ച് ഇന്ന്‍ പരിഗണിക്കും

പരിശോധനാ ഹര്‍ജി തളളിയതിനെ തുടര്‍ന്നാണ് അവസാനശ്രമമെന്ന നിലയില്‍ സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

Last Updated : Apr 27, 2017, 12:25 PM IST
സൗമ്യ വധക്കേസ്: തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതിയുടെ ആറംഗ ബെഞ്ച് ഇന്ന്‍ പരിഗണിക്കും

സൗമ്യ വധക്കേസിലെ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതിയുടെ ആറംഗ ബെഞ്ച് ഇന്ന്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്‍റെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പുന:പരിശോധനാ ഹര്‍ജി തളളിയതിനെ തുടര്‍ന്നാണ് അവസാനശ്രമമെന്ന നിലയില്‍ സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌തഗിയാണ് ഹര്‍ജി സാക്ഷ്യപ്പെടുത്തിയത്. സുപ്രീം കോടതിയിലെ മൂന്ന് മുതിര്‍ന്ന ജഡ്ജിമാരും കേസില്‍ നേരത്തെ വിധി പറഞ്ഞ ജഡ്ജിമാരും ഉള്‍പ്പെടുന്നതാണ് വിശാല ബെഞ്ച്. കേസില്‍ ഗോവിന്ദച്ചാമിയുടെ ശിക്ഷയില്‍ ഇളവ് നല്‍കിയ കോടതി ഉത്തരവ് വലിയ പ്രതിഷേധത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. 

വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനഃപരിശോധന ഹര്‍ജിയും കോടതി തള്ളിയിരുന്നു.  മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കാട്ജു അടക്കമുള്ളവര്‍ വിധി പറഞ്ഞ ബെഞ്ചിനെ വിമര്‍ശിച്ചിരുന്നു. ഇതിന്‍റെ പേരില്‍ ജസ്റ്റീസ് കാട്ജുവിന് കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടിവന്നിരുന്നു

ട്രെയിനില്‍ വച്ചുണ്ടായ പരിക്കിന്‍റെയും മാനഭംഗത്തിന്‍റെയും ഉത്തരവാദി ഗോവിന്ദച്ചാമിയാണെങ്കില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായുള്ള പ്രോസിക്യൂഷന്‍ വാദവും നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ സൗമ്യ ട്രെയിനില്‍ നിന്ന് വീണത് മൂലമുണ്ടായ മുറിവിന്റെ ഉത്തരവാദിത്വം ഗോവിന്ദച്ചാമിയില്‍ ആരോപിക്കാന്‍ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്.

Trending News