തിരുവനന്തപുരം: നികുതി വെട്ടിക്കാന്‍ ആഡംബരവാഹനങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പ്രമുഖരുടെ പട്ടികയില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയും. ഇദ്ദേഹത്തിന്‍റെ ഓഡി ക്യു 7 കാറിന്‍റെ രജിസ്ട്രേഷന്‍ പോണ്ടിച്ചേരിയിലാണ്. എന്നാല്‍, വ്യാജ വിലാസം ഉപയോഗിച്ചാണ് സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സുരേഷ് ഗോപിയുടെ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംഭര കാറിനെതിരെ നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം കള്ളപ്പണം തടയുന്നതിന്‍റെയും നികുതി വെട്ടിപ്പ് നിയന്ത്രിക്കുന്നതിന്‍റെയും ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രാബല്യത്തില്‍ വരുത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ വാഹനം ചര്‍ച്ചയായത്. എന്നാല്‍, വിഷയത്തില്‍ അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
ജനജാഗ്രത യാത്രയുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഡംഭര വാഹനത്തില്‍ കയറിയതുമായി ബന്ധപ്പെട്ട വിവാദമാണ് വാഹന രജിസ്ട്രേഷനിലെ നികുതി വെട്ടിപ്പ് വീണ്ടും പുറത്തു കൊണ്ടു വന്നത്. കോടിയേരി കയറിയ വാഹനം പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ളതായിരുന്നു. ഈ വാഹനത്തിന്‍റെ ഉടമയായ നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. സമാനമായ കേസ് ചലച്ചിത്ര താരമായ അമല പോളിന്‍റെ ആഡംഭര വാഹനത്തിനെതിരെയും ചുമത്തിയിരുന്നു.