ചികിത്സയിലിരുന്ന രോഗിയെ കാണാതായി; മൃതദേഹം ആശുപത്രി ഭിത്തിക്കും ലിഫ്റ്റിനുമിടയിൽ കണ്ടെത്തി

Thiruvalla Taluk Hospital: അഞ്ചാം നിലയിലെ മുറിയിൽ നിന്നും ലിഫ്റ്റ് പണിത ശേഷമുണ്ടായ പിറ്റിലേക്ക് ഇയാൾ വീണതാവാമെന്നാണ് നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 08:03 PM IST
  • തുകലശ്ശേരി സ്വദേശി കെ എസ് ബിജുവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
  • ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ആശുപത്രിയിൽ വിശ്രമിക്കുന്നതിനിടെ കാണാതാകുകയായിരുന്നു.
  • ഫയർഫോഴ്സും തിരുവല്ല പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു.
ചികിത്സയിലിരുന്ന രോഗിയെ കാണാതായി; മൃതദേഹം ആശുപത്രി ഭിത്തിക്കും ലിഫ്റ്റിനുമിടയിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ യുവാവിൻ്റെ മൃതദേഹം ആശുപത്രി കെട്ടിട ഭിത്തിക്കും ലിഫ്റ്റിനുമിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തുകലശ്ശേരി സ്വദേശി കെ എസ് ബിജുവിൻ്റെ മൃതദേഹമാണ് ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ വ്യാഴാഴ്ച്ച മൂന്ന് മണിയോടെ കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ വിശ്രമിക്കുകയായിരുന്ന ഇയാളെ 16-ാം തീയതി മുതൽ കാണാതാവുകയായിരുന്നു.

തിരുവല്ല താലൂക്ക് ആശുപത്രി കെട്ടിടത്തിൻ്റെ നാലാം നിലയിൽ അടച്ചിട്ടിരുന്ന മുറിയുടെ ഭിത്തിക്കും ലിഫ്റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലാണ് 36 കാരനായ ബിജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 14 ന് ഇവിടെ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ആശുപത്രിയിൽ വിശ്രമിക്കുന്നതിനിടെ 16 ന് ഇയാളെ കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.  

ALSO READ: കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത് കുഴിച്ചു മൂടിയ സംഭവം; മുഖ്യപ്രതിയും കീഴടങ്ങി

അഞ്ചാം നിലയിലെ മുറിയിൽ നിന്നും ലിഫ്റ്റ് പണിത ശേഷമുണ്ടായ പിറ്റിലേക്ക് ഇയാൾ വീണതാവാമെന്ന് സംശയിക്കുന്നു. ഫയർഫോഴ്സും തിരുവല്ല പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ബിജു രണ്ടാം നിലയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇയാൾ എങ്ങനെ ലിഫ്റ്റിൽ കുരുങ്ങി എന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. ആശുപത്രി കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ വൈദ്യുതി കണക്ഷൻ ഇല്ല. ആശുപത്രിയിൽ ജല ദൗർലഭ്യം ഉണ്ടായതിനെ തുടർന്ന് 5-ാം നിലയിലെ ടാപ്പ് തുറന്ന് വെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഇയാളെ കാണാനില്ല എന്ന പരാതി ലഭിച്ചതിനെ തുടർന്ന് തിരുവല്ല പൊലീസ് ഇവിടെ ഉള്ള എല്ലാ മുറികളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇവിടെ ചികിത്സയിലിരുന്ന രോഗിയെ കാണാതാവുകയും 4 ദിവസത്തിന് ശേഷം മൃതദേഹം ആശുപത്രി കെട്ടിടത്തിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച ഉണ്ടായതായും ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News