തൃക്കാക്കരയിൽ ട്വന്റി -20 വോട്ടുകൾ ആർക്ക്, പ്രതീക്ഷയോടെ മുന്നണികൾ

ട്വന്റി- 20 -എ.എ.പി പ്രഖ്യാപനം 15 ന് 

Written by - Rejith Kumar | Last Updated : May 12, 2022, 12:24 PM IST
  • ട്വന്റി-20 വോട്ടുകളിൽ യുഡിഎഫും എൽ .ഡി.എഫും ബിജെപിയും ഒരു പേലെ പ്രതീക്ഷ അർപ്പിക്കുക്കയാണ്
  • ട്വന്റി - 20 ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനെ പി.ടി.തോമസിന്റെ നിലപാടുകൾ ചൂണ്ടികാട്ടിയാണ് സിപിഎം എതിർക്കുന്നത്
  • ഇടത് മുന്നണിക്കും പി.ടി തോമസിനും എതിരെ ട്വന്റി-20 സ്വീകരിച്ച് പോന്ന നിലപാടുകളിലാണ് ബിജെപി പ്രതീക്ഷ അർപ്പിക്കുന്നത്
തൃക്കാക്കരയിൽ ട്വന്റി -20 വോട്ടുകൾ ആർക്ക്, പ്രതീക്ഷയോടെ മുന്നണികൾ

തൃക്കാക്കര: ട്വന്റി-20 യുടെ  വോട്ടുകൾ ആർക്ക് എന്നാതാണ് ഇപ്പോൾ തൃക്കാക്കരയിലെ പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13,897 വോട്ടുകളാണ് ട്വന്റി-20 നേടിയത്. അതായത് ആകെ വോട്ടിന്റെ പത്ത് ശതമാനം. ട്വന്റി-20 വോട്ടുകളിൽ യുഡിഎഫും എൽ .ഡി.എഫും ബിജെപിയും ഒരു പേലെ പ്രതീക്ഷ അർപ്പിക്കുക്കയാണ്. വോട്ടുകളിൽ ഭൂരഭാഗവും തങ്ങൾക്ക് ലഭിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.  ട്വന്റി-20 യുഡിഫിനെ പിൻതുണക്കുമെന്ന പ്രതീക്ഷ പ്രമുഖ കോൺഗ്രസ് നേതാക്കളും പങ്കുവക്കുന്നു. 

പി.ടി. തോമസ് ട്വന്റി- 20യുടെ ശക്തനായ വിമർശകനായിരുന്നെങ്കിലും  ഇപ്പോൾ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നാണ് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നത്. സർക്കാരിൽ നിന്ന് നേരിട്ട തിക്താനുഭവങ്ങളുടെ പേരിൽ ഇടതുമുന്നിക്ക് അനുകൂലമായ നിലപാട് അവർ ഒരിക്കലും സ്വീകരിക്കില്ലെന്ന് നേതാക്കൾ ആവർത്തിച്ച് പറയുന്നു. ട്വന്റി-20 ക്കും സാബു ജേക്കബ്ബിനും അനുകൂലമായ പ്രസ്താവനകൾ നേതാക്കൾ തുടർച്ചയായി നടത്തുകയും ചെയ്യുന്നുണ്ട്. 

എന്നാൽ ട്വന്റി - 20 ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനെ പി.ടി.തോമസിന്റെ നിലപാടുകൾ ചൂണ്ടികാട്ടിയാണ് സിപിഎം എതിർക്കുന്നത്. കേവലം വോട്ടിന് വേണ്ടി ട്വന്റി - 20യോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയാൽ പി.ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും സിപിഎം നോതാക്കൾ കോൺഗ്രസിനെ ഓർമിപ്പിക്കുന്നു. കടമ്പ്രയാർ മലിനീകരണ വിഷയത്തിലടക്കം കിറ്റെക്സിനെതിരെ പി.ടി. തോമസ് സ്വീകരിച്ച നിലപാടുകൾ പരമാവധി ചർച്ചയാക്കാനും ഇടത് മുന്നണി ശ്രമിക്കുന്നുണ്ട്.

ട്വന്റി -20 വോട്ടുകളിൽ ഇടത് മുന്നണിയും പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ട്വന്റി - 20 യുമായി ബന്ധപ്പെട്ട് പ്രസ്താവനകളിൽ സംയമനത്തോടെയാണ് നേതാക്കൾ പ്രതികരിക്കുന്നത്. പിവി. ശ്രീനിജിൻ എം.എൽ .എ. ഉൾപ്പെടെയുള്ള ട്വന്റി- 2 യുടെ കടുത്ത വിമർശകർ പോലും ഇപ്പോൾ മൗനത്തിലാണ്. കഴിഞ്ഞ തവണ തൃക്കാക്കരയിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയത് മൂലം പാർട്ടി വോട്ടുകൾ ട്വന്റി- 20 യിലേയ്ക്ക് പോയതായി സിപിഎം വിലയിരുത്തിയിരുന്നു. എന്നാൽ ഇത്തവണ പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥിയ രംഗത്ത് ഇറക്കിയതിലൂടെ നഷ്ടപ്പെട്ട  വോട്ടുകൾ തിരിച്ച് വരുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

 ഇടത് മുന്നണിക്കും പി.ടി തോമസിനും എതിരെ ട്വന്റി-20 സ്വീകരിച്ച് പോന്ന നിലപാടുകളിലാണ് ബിജെപി പ്രതീക്ഷ അർപ്പിക്കുന്നത്. ട്വന്റി - 20 യുടെ നല്ലൊരു ശതമാനം വോട്ട് ബിജെപി പാളയത്തിലെത്തുമെന്ന് അവർ കണക്ക്കൂട്ടുന്നു. പിന്തുണ തേടി പലരും ട്വിന്റി- 20 നേതാക്കളെ  സമീപിക്കുന്നുണ്ട്. എന്നാൽ ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ 15 ആം തീയതി തീരുമാനമെടുക്കുമെന്നാണ് ട്വന്റി - 20 ചെയർമാൻ സാബു ജേക്കബ്ബ് വ്യക്തമാക്കിയിരിക്കുന്നത്. കിഴക്കമ്പലത്ത് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ചെയർമാനുമായ അരവിന്ദ് കെജരിൾ പങ്കെടുക്കുന്ന ചടങ്ങിലാവും ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News