Thrikkakara By Election: തൃക്കാക്കര പൊന്നാപുരം കോട്ടയെങ്കില്‍ കോണ്‍ഗ്രസ് ഭയക്കണം! കൈവിട്ടു പോയാല്‍ പിന്നെ തിരിച്ചുവരവില്ല

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിന്റെ പല ഉരുക്കുകോട്ടകളും തകർന്നു വീണിരുന്നു. ഇത്തവണ തൃക്കാക്കര കൂടി നഷ്ടപ്പെട്ടാൽ, അത് കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും

Written by - Binu Phalgunan A | Last Updated : May 12, 2022, 11:27 AM IST
  • വികസന വാദികൾ ആര് എന്ന ചോദ്യമായിരിക്കും തൃക്കാക്കരയിൽ പ്രധാനമായും ഉയർത്തപ്പെടുന്നത്
  • കെ റെയിലെ എതിർത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണം
  • കെ റെയിലും മറ്റ് വികസന പദ്ധതികളും ആണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്
  • കോൺഗ്രസിന്റെ ഉരുക്കുകോട്ട എന്നൊക്കെയാണ് തൃക്കാക്കര വിശേഷിപ്പിക്കപ്പെടുന്നത് എങ്കിലും വികസന പോരാട്ടത്തിൽ എന്ത് സംഭവിക്കും എന്നറിയാണ് ഏവരും കാത്തിരിക്കുന്നത്
Thrikkakara By Election: തൃക്കാക്കര പൊന്നാപുരം കോട്ടയെങ്കില്‍ കോണ്‍ഗ്രസ് ഭയക്കണം! കൈവിട്ടു പോയാല്‍ പിന്നെ തിരിച്ചുവരവില്ല

കൊച്ചി: തൃക്കാക്കര മണ്ഡലത്തെ കുറിച്ച് പറയുമ്പോഴെല്ലാം അത് തങ്ങളുടെ പൊന്നാപുരം കോട്ടയാണ് എന്നാണ് കോണ്‍ഗ്രസ് പറയാറുള്ളത്. കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട എന്നതിനപ്പുറം, എ ഗ്രൂപ്പിന്റെ കോട്ട എന്ന വിശേഷണവും തൃക്കാക്കരയ്ക്ക് സ്വന്തമാക്കിയിരുന്നു. പിടി തോമസ് ഒടുവില്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായി അറിയപ്പെട്ടിരുന്നു എന്നത് വേറെ കാര്യം.

പിടി തോമസിന്റെ മരണ ശേഷം, തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്രയേറെ നിര്‍ണായകമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല അതിന്റെ പ്രാധാന്യം. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി എന്ത് എന്നത് കൂടി ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാക്കപ്പെടും.

Read Also: ജോ ജോസഫിന് അപര ഭീഷിണി; തൃക്കാക്കരയിൽ പത്രികാ സമർപ്പണം പൂർത്തിയായി

തുടര്‍ച്ചയായി രണ്ട് തവണ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കോണ്‍ഗ്രസിന്, 2021 ലെ തിരഞ്ഞെടുപ്പില്‍ പല പൊന്നാപുരം കോട്ടകളും കൈവിട്ടുപോയിരുന്നു. ആ തരംഗത്തില്‍ പോലും പിടി തോമസ് കൈയ്യടക്കിവച്ച മണ്ഡലം ആയിരുന്നു തൃക്കാക്കര. അതും 2016 ലേതിനേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ട്. അതുകൊണ്ട് തന്നെ, തൃക്കാക്കര ഒരു 'പിടി തോമസ് മണ്ഡലം' ആണെന്ന് കൂടി നമുക്ക് പറയാം. ആ സാധ്യത മുന്നില്‍ കണ്ടുതന്നെയാണ് പിടി തോമസിന്റെ വിധവ ഉമ തോമസിനെ കോണ്‍ഗ്രസ് അവിടെ സ്ഥാനാര്‍ത്ഥിയാക്കിയതും.

നഗരമണ്ഡലം എന്നാണ് തൃക്കാക്കര വിശേഷിപ്പിക്കപ്പെടുന്നത്. മണ്ഡലത്തിന്റെ ആ നഗര സ്വഭാവം തന്നെ ആയിരുന്നു അതിനെ ഒരു കോണ്‍ഗ്രസ് മണ്ഡലവും പിന്നീട് പിടി തോമസിന്റെ ശക്തികേന്ദ്രവും ആക്കിമാറ്റിയത്. വികസന വിരുദ്ധരെന്ന ആരോപണം പേറിയായിരുന്നല്ലോ പലപ്പോഴും ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെ അല്ല കാര്യങ്ങള്‍. ആരാണ് യഥാര്‍ത്ഥ വികസന വാദികള്‍ എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടാണ് എല്‍ഡിഎഫും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആ ചോദ്യത്തിന് ജനങ്ങള്‍ നല്‍കുന്ന ഉത്തരം എന്തായിരിക്കും?

കെ റെയിലിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടം. അതിനപ്പുറം, പിടി തോമസിന്റെ വിധവയ്ക്ക് ലഭിക്കുന്ന സഹതാപ വോട്ടില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ കണ്ണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി സഭയുടെ നോമിനിയാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചെങ്കിലും, തൃക്കാക്കര പോലെ ഒരു മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ എത്ര നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞ് അത്തരമൊരു ആരോപണത്തില്‍ നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ട്. എന്നിരുന്നാലും, അനാവശ്യമായി ഉന്നയിച്ച ആ ആരോപണം ഇടത് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന് ഗുണകരമായി ഭവിച്ചേക്കും എന്ന് പലരും കരുതുന്നുണ്ട്.

Read Also: തൃക്കാക്കരയിൽ ട്വന്റി-ട്വന്റിയുമില്ല; ആം ആദ്മിയുമായി ചേർന്നെടുത്ത തീരമാനമെന്ന് നേതാക്കൾ

കെ റെയിലും വികസനവും മുന്‍നിര്‍ത്തി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നു എന്നത് തന്നെയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ പ്രധാനമെന്ന് പറയാനുള്ള കാരണം. ഈ രണ്ട് വിഷയങ്ങളിലും ജനഹിതം എല്‍ഡിഎഫിനൊപ്പമാണെന്ന് വന്നാല്‍ എന്തായിരിക്കും കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രസക്തി. തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നത് മാത്രമല്ല, അടുത്ത നാല് വര്‍ഷം ഒരു പ്രതിപക്ഷം എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതില്‍ പോലും ഈ തിരഞ്ഞെടുപ്പ് ഫലം ആയിരിക്കും നിര്‍ണായകമാവുക. 

ഈ തിരഞ്ഞെടുപ്പ് വിജയമോ പരാജയമോ സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കുന്ന ഒന്നല്ലെങ്കിലും ഇതൊരു ജീവന്‍മരണ പോരാട്ടം എന്ന മട്ടില്‍ അവതരിപ്പിക്കുകയാണ് സിപിഎം ഇപ്പോള്‍. 100 സീറ്റ് തികയ്ക്കുക എന്നതാണ് അവരുടെ മുദ്രാവാക്യം തന്നെ. തൃക്കാക്കരയ്ക്ക് മുന്നില്‍ എല്‍ഡിഎഫ് വയ്ക്കുന്ന വികസന സാധ്യതകള്‍, ഒരു ഭരണകക്ഷി എംഎല്‍എയ്ക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍, ഡോ ജോ ജോസഫ് എന്ന ജനകീയ മുഖം ഇതെല്ലാം ഇടതുക്യാമ്പില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മാത്രമല്ല, പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവന്‍ തൃക്കാക്കരയിലേക്ക് എത്തിച്ച് ഒരു പോരാട്ടത്തിന് തന്നെയാണ് സിപിഎം ഒരുങ്ങിയിട്ടുള്ളത്. 

ഈ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ആയാല്‍, കെ റെയില്‍ സംബന്ധിച്ച് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഉയര്‍ത്തുന്ന എല്ലാ പ്രതിഷേധങ്ങളേയും പുല്ലുപോലെ അവഗണിച്ച് പിണറായി സര്‍ക്കാരിന് മുന്നോട്ട് നീങ്ങാം (തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ആ സ്വപ്‌ന പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകില്ലെന്നതും ഉറപ്പാണ്). സീറ്റ് നിലനിര്‍ത്താന്‍ ആയാല്‍, കോണ്‍ഗ്രസിന് കെ റെയില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാം. പരാജയപ്പെട്ടാല്‍, മുഴുവന്‍ കേരളീയ സമൂഹത്തിന് മുന്നിലും രാഷ്ട്രീയമായി പരാജയപ്പെട്ട് തലതാഴ്ത്തി നില്‍ക്കേണ്ടി വരും. പിടി തോമസ് ഉയര്‍ത്തിയ രാഷ്ട്രീയത്തിന് വേണ്ടി എന്ന് പറഞ്ഞ്, പിടി തോമസിന്റെ വിധവയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പരിതപിച്ച് പിന്നേയും തലതാഴ്‌ത്തേണ്ടി വരും. ഒരിക്കൽ കൈവിട്ടുപോയാൽ, പിന്നീടൊരിക്കലും തിരിച്ചുപിടിക്കാൻ പോലും പറ്റാത്ത വിധത്തിൽ തൃക്കാക്കര നഷ്ടമാവുകയും ചെയ്യും

 

Trending News