തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ പൊതു പരിപാടികളും ഒത്തുചേരലുകളും നിരോധിച്ചെങ്കിലും സിപിഎം സമ്മേളനം നിർബാധം തുടരുകയാണ്. പാറശാലയിൽ നടക്കുന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നിരവധി നേതാക്കന്മാരും പ്രവർത്തകരും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പ്രതിനിധികൾക്ക് കോവിഡും സ്ഥിരീകരിച്ചു. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോഴും പാർട്ടി സമ്മേളനത്തിന് ഇതൊന്നും ബാധകമല്ലേയെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.
ജനുവരി 14 ന് ആരംഭിച്ച സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് അവസാനിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നവജ്യോത് ഖോസ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കളക്ടർ രാവിലെ അടിയന്തര ഉത്തരവിറക്കിയെങ്കിലും രാഷ്ട്രീയ പരിപാടികൾ/ സിപിഎം സമ്മേളനത്തെ അതിൽ പരാമർശിച്ചിരുന്നില്ല.
പാറശ്ശാലയിൽ ചേരുന്ന ജില്ലാ സമ്മേളനം തുടരുകയാണ്. രോഗവ്യാപനം കൂടിയ ജില്ലയിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പങ്കെടുത്തു കൊണ്ടാണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചിരുന്നത്. കൂടാതെ, പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിന്മേലും സംഘടനാ റിപ്പോർട്ടിന്മേലും നടന്ന പൊതുചർച്ച കഴിഞ്ഞദിവസം നേരിട്ട് തന്നെ നടത്തുകയും ചെയ്തു. ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ വിവിധ സെഷനുകളിലായി നാല് പ്രമേയങ്ങൾ ജില്ലാസമ്മേളനം പാസാക്കി. നിരവധി പ്രതിനിധികൾ പങ്കെടുത്ത സെഷനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രമേയത്തിനു മറുപടി പറയുകയും ചെയ്തു.
നേരത്തെ 550 ലേറെ പേരെ പങ്കെടുപ്പിച്ച് ചെറുവാരക്കോണം എൽഎംഎസ് കോമ്പൗണ്ടിലെ ഗ്രൗണ്ടിൽ മെഗാ തിരുവാതിരകളി നടത്തിയത് വൻവിവാദമായിരുന്നു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ പരിപാടിയായിരുന്നു വൻ ചർച്ചകൾക്ക് വഴിവെച്ചത്. പോളിറ്റ് ബ്യൂറോ അംഗം ഉൾപ്പെടെ പങ്കെടുത്ത പരിപാടി നിരവധി പ്രവർത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചത് തെറ്റായിപ്പോയെന്ന് ഒടുവിൽ സംസ്ഥാന ജില്ലാ നേതാക്കൾക്ക് തുറന്നു സമ്മതിക്കേണ്ടിയും വന്നു.
രോഗവ്യാപനമുയർന്ന് നിൽക്കുന്ന ജില്ലയിൽ തിരുവാതിരകളി നടത്തിയതിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ജില്ലാ പഞ്ചായത്ത് അംഗം വി ആർ സലൂജയെ ഒന്നാം പ്രതിയാക്കി പാറശാല പോലീസ് കേസെടുത്തതോടെയാണ് വിവാദം ഒരു പരിധി വരെയെങ്കിലും തണുപ്പിക്കാൻ സിപിഎമ്മിനായത്.
തിരുവാതിരകളി വിവാദമായതോടെയാണ് നിരവധി ആളുകളെ സംഘടിപ്പിച്ച് നടത്താനിരുന്ന പൊതുസമ്മേളനം നേരിട്ട് നടത്തുന്നതിൽ നിന്ന് പാർട്ടി പിന്നാക്കം പോയത്. പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുത്ത ശേഷം നാളെ വൈകിട്ട് ഓൺലൈനിലൂടെ നടക്കുന്ന ചടങ്ങ് കോടിയേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളെയും നാളെ നടക്കുന്ന ജില്ലാകമ്മിറ്റിയിൽ തിരഞ്ഞെടുക്കും.
അതേസമയം, രോഗവ്യാപനം ഉയർന്നതോടെ കർശന നിരീക്ഷണത്തിനാണ് തലസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളും. സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്ക് കളക്ടർ കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈനിലൂടെ നടത്തണമെന്നും കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വിവാഹ, മരണ ചടങ്ങുകളിൽ ഉൾപ്പെടെ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി നിജപ്പെടുത്തിയിട്ടുമുണ്ട്.
മാത്രമല്ല, മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഉത്തരവിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണം തുടങ്ങിയവയാണ് ഉത്തരവിൽ വ്യക്തമാക്കുന്ന മറ്റുകാര്യങ്ങൾ.
ഇതിനിടെ, സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളായ കാട്ടാക്കട എംഎൽഎ ഐ.ബി സതീഷിനും, ഇ.ജി.മോഹനനും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാവുന്ന പ്രതിനിധികളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ സമ്മേളനം ഒഴിവാക്കുകയോ ചെയ്തിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 17,755 കോവിഡ് കേസുകളിൽ 4694 രോഗികൾ തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്. ജില്ലയിൽ ഗുരുതര സാഹചര്യം നിലനിൽക്കുമ്പോഴാണ് സിപിഎം ജില്ലാസമ്മേളനം തുടരുന്നതെന്നതാണ് മറ്റൊരു വസ്തുത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...