വ്യത്യസ്ത ഇനങ്ങളിലുള്ള 12പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മൃഗസംരക്ഷണ മൃഗശാല വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയിട്ടുള്ള രണ്ട് പുതിയ ബാറ്ററി വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കർണാടക തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്നാണ് പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുന്നത്. ഓരോ ജോഡി വീതം സിംഹം,ഹനുമാൻ കുരങ്ങ്, വെള്ള മയിൽ,എമു, രണ്ട് ജോഡി കാട്ടുകോഴി തുടങ്ങിയവയാണ് പുതുതായി എത്തുന്നത്, മെയ് മാസത്തോടെ ഇവയെത്തും. കേന്ദ്ര മൃഗശാലയുടെ അംഗീകാരം ലഭിച്ചതിനാൽ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പുതിയ പക്ഷി മൃഗാദികൾക്ക് പകരമായി ഇവിടെ അധികമായുള്ള നാല് കഴുതപ്പുലി,ഒരു ജോഡി ഹിപ്പോപൊട്ടാമസ്,മൂന്ന് ജോഡി പന്നിമാനുകൾ, രണ്ട് ജോഡി ഹോം ഡീയറുകൾ എന്നിവയെയാണ് നൽകുന്നത്. ജൂൺ മാസത്തിൽ ഹരിയാനയിലെ മൃഗശാലയിൽ നിന്ന് രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെക്കൂടി എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്ന് സീബ്രാ ഉൾപ്പെടെയുള്ള മൃഗങ്ങളെ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ALSO READ : AI camera: കേരളത്തിൽ 726 ഇടങ്ങളിൽ എ ഐ ക്യാമറ; എവിടെയൊക്കെ എന്ന് അറിയാമോ?
കൃഷ്ണ മൃഗങ്ങൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത് പ്രതികൂലമായി ബാധിച്ചെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളെ പ്രത്യേകം മാറ്റി പാർപ്പിച്ചത് ഗുണം ചെയ്തു. രോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ ഗുണം ചെയ്തു. മൃഗങ്ങളെ സംരക്ഷിക്കുന്ന ജീവനക്കാർക്ക് രോഗബാധയുണ്ടോയെന്ന് തിരിച്ചറിയാനും പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇത്തരം രോഗങ്ങൾ ബാധിക്കുന്നതുവഴി മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്തും. തിരുവനന്തപുരം മൃഗശാലയിലേക്ക് കൂടുതൽ മൃഗങ്ങളെ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനായി മൂന്നംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വിദേശ മൃഗശാലകൾ ഉൾപ്പെടെ സന്ദർശിച്ച് മൃഗശാല കൂടുതൽ മെച്ചപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പുതിയ രണ്ട് വാഹനങ്ങൾ ഉൾപ്പെടെ അഞ്ച് ബാറ്ററി വാഹനങ്ങളാണ് നിലവിൽ സന്ദർശകർക്ക് സൗകര്യമൊരുക്കുന്നത്. 10,40,000രൂപ ചെലവഴിച്ചാണ് രണ്ട് വാഹനങ്ങൾ വാങ്ങിയത്. മൃഗശാല സന്ദർശിക്കാനെത്തുന്ന പ്രായമായവർക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഈ വാഹനങ്ങൾ ഏറെ ഉപകാരപ്പെടും. രണ്ട് വാഹനങ്ങൾ കൂടി ജൂൺ മാസത്തോടെ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വാഹനത്തിലിരുന്നുകൊണ്ട് മൃഗശാല ചുറ്റിക്കാണാൻ ഒരാൾക്ക്60 രൂപയാണ് നൽകേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...