എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫ് മമ്മൂട്ടിയെ നേരിൽ കണ്ട് വോട്ട് തേടി. ഡോ ജോ ജോസഫിനൊപ്പം കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അടക്കമുള്ളവര്‍ മമ്മൂട്ടിയെ സന്ദർശിക്കാൻ എത്തിയിരുന്നു. മമ്മൂട്ടിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഡോ. ജോ ജോസഫ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണെന്നും ഒരു പാട് സന്തോഷം തോന്നിയെന്നും ഡോ. ജോ ജോസഫ് ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു.
ഡോ ജോ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
മഹാനടനോടൊപ്പം...
ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരിക്കൽ ഒരു പുരസ്കാരം ഏറ്റുവാങ്ങുവാൻ അവസരം ലഭിച്ചിട്ടുണ്ട്. വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി.
കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കാൻ സാധിച്ചു. കൊച്ചി മേയറും CPIM ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സ. M അനിൽ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നൽകി.
മഹാനടന് നന്ദി ...
ALSO READ: Uma Thomas Visits Mammootty: മമ്മൂട്ടിയെ നേരിൽ കണ്ട് വോട്ട് തേടി ഉമ തോമസ് - വീഡിയോ
കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർഥി ഉമ തോമസും മമ്മൂട്ടിയെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിച്ചിരുന്നു. മമ്മൂട്ടി തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ്. ഹൈബി ഈഡൻ എം പിക്കൊപ്പമാണ് ഉമ തോമസ് എത്തിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായി ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ഒരാളാണ് മമ്മൂട്ടി.
അതേസമയം തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ എഎൻ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി.ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. എൽഡിഎഫും,യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയപ്പോഴും എൻഡിഎ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ആശങ്ക പാർട്ടിയിലും വലിയ ചർച്ചയായിരുന്നു. പിടി തോമസിൻറെ സഹതാപ തരംഗം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെങ്കിൽ മികച്ച വിജയം തന്നെയാണ് പാർട്ടികൾ കണക്ക് കൂട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...