ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച യു പ്രതിഭ എംഎൽഎയെ പരസ്യമായി തള്ളി പാര്‍ട്ടി നേതൃത്വം. കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും ഇത്തവണ കൂടുതൽ വോട്ടുകൾ പാർട്ടിക്ക് കിട്ടിയെന്നും സിപിഎം ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. കണക്കുകൾ നിരത്തിയാണ് ഏരിയ സെക്രട്ടറിയുടെ വിമര്‍ശനം.
പ്രതിഭയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. ഫേസ്ബുക്ക് പോസ്റ്റിലെ പരാതികള്‍ പ്രതിഭ സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നാണ് സൂചന. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിഭ എംഎൽഎയുടെ വിവാദ തുറന്നുപറച്ചിൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ വോട്ട് ചോർന്നത് എങ്ങും ചർച്ചയായില്ല. തന്നെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കന്മാർ പാർട്ടിയിൽ സർവ്വസമ്മതരായി നടക്കുന്നു. അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാകുന്ന കാലം വിദൂരമല്ലെന്നും പ്രതിഭ പോസ്റ്റില്‍ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ട് ചോർച്ച ഉണ്ടായ മണ്ഡലമാണ് കായംകുളം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ പാർട്ടി പരിശോധിച്ചപ്പോൾ, കായംകുളത്ത് അത് ഉണ്ടായില്ല. തന്നെ തോൽപ്പിക്കാൻ കുതന്ത്രം മെനഞ്ഞ നേതാക്കന്മാർ സർവ്വസമ്മതരായി നടക്കുന്നു. തോൽപ്പിക്കാൻ മുന്നിൽ നിന്ന പ്രാദേശിക മാധ്യമപ്രവർത്തകനെ പാർട്ടി ഏരിയ കമ്മിറ്റി, താലൂക്ക് ആശുപത്രിയുടെ ഭരണസമിതിയിൽ ഉൾപ്പെടുത്തി. എല്ലാത്തിനും കാലം കണക്ക് ചോദിക്കുമെന്ന് പറഞ്ഞാണ് പ്രതിഭ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. എംഎൽഎയുടെ തുറന്നുപറച്ചിലൂടെ കായംകുളത്തെ അതിശക്തമായ വിഭാഗീയതയാണ് മറനീക്കി പുറത്തുവരുന്നത്.
പ്രതിഭയും ഒരു വിഭാഗം പാർട്ടി നേതാക്കളുമായി പോര് തുടങ്ങിയിട്ട് നാളേറെയായി. ഇത്തവണത്തെ പാർട്ടി സമ്മേളനത്തോടെ, ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് എംഎൽഎ പ്രതീക്ഷിച്ചിരുന്നു. അത് നടക്കാതെ പോയതിന്റെ വിരോധമാണ് ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്നാണ് കായംകുളത്തെ എതിർചേരി പറയുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിവ്യൂ വേളയിലടക്കം ഒരു പരാതിയും പറയാത്ത പ്രതിഭയുടെ ഇപ്പോഴത്തെ തുറന്നുപറച്ചിൽ കടുത്ത അച്ചടക്ക ലംഘനമായാണ് പാർട്ടി ജില്ലാ നേതൃത്വം കാണുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...