രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മുവിന് പിന്തുണയുമായി ഉദ്ധവ് താക്കറെ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീണത്

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 02:43 PM IST
  • ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് ശിവസേന
  • ഉദ്ധവ് താക്കറെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
  • ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മുവിന് പിന്തുണയുമായി ഉദ്ധവ് താക്കറെ; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച്  ശിവസേന. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിത എന്ന നിലയില്‍ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന നിലപാട്‌ യോഗത്തില്‍ പങ്കെടുത്ത എംപിമാര്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

 എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് ദ്രൗപദി മുര്‍മു. പക്ഷെ അവര്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്ന് ഉള്ളവര്‍ ആയതിനാലും വനിത ആയതിനാലും അവരെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് സേനാ എംപിമാര്‍ മുന്നോട്ടുവച്ചതെന്ന്  എംപി ഗജനാന്‍ കീര്‍ത്തികര്‍ വ്യക്തമാക്കി. യോഗത്തില്‍ 16 എംപിമാര്‍ പങ്കെടുത്തുവെന്നും അവര്‍ എല്ലാവരും ഈ ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ നിന്ന് രണ്ട് എംപിമാര്‍ വിട്ടുനിന്നു.

ശിവസേനയുടെ 12 എംപിമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൈകോര്‍ക്കാന്‍ തയ്യാറാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ റാവുസാഹേബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീണത്. പാര്‍ട്ടിയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഉദ്ധവ് താക്കറെ എം.പിമാരുടെ യോഗം വിളിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍  ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം മുന്‍പും സേനയില്‍ ഉയര്‍ന്നിരുന്നു.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ  പ്രതിപക്ഷ നിരയിൽ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. യുപിയിൽ പ്രതിപക്ഷത്തുള്ള മുന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷം തീരുമാനിച്ചപ്പോൾ 21 പാർട്ടികളുടെ പിന്തുണയുണ്ടായിരുന്നു. അരവിന്ദ് കെജ്‍രിവാളിന്റെ പിന്തുണ ഉണ്ടെന്നും ശരദ് പവാർ അറിയിച്ചിരുന്നു. 

എന്നാൽ ഝാർഖണ്ട് മുക്തി മോർച്ച പിന്നീട് കൊഴിഞ്ഞുപോയി.  യുപിയിൽ  മൂന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് വോട്ടു ചെയ്യുമെന്ന് അറിയിച്ചു. രാജാ ഭയ്യയുടെ ജൻസത്ത ദളിന്റെ രണ്ട് എംഎൽഎമാരും എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും എന്നറിയിച്ചു. ടിആർഎസ്, യശ്വന്ത് സിൻഹയ്ക്കൊപ്പം ഉറച്ചു നിൽക്കുന്നത് മാത്രമാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ആശ്വാസം. 

Trending News