തിരുവനന്തപുരം: യുഡിഎഫിന് പരാജയ ഭീതിയില്ല, 23ന് ഫലം വരുമ്പോള്‍ കാണാം. കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് സിപിഎമ്മിന്‍റെ താൽപ്പര്യപ്രകാരം 10 ലക്ഷം പേരെ വെട്ടിമാറ്റിയെന്ന ആരോപണം ആവർത്തിച്ച് ഉമ്മൻ ചാണ്ടി.
വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ നടത്തിയത് സംബന്ധിച്ച് പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന ടിക്കാറാം മിണയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ നടന്നുവെന്ന് പറയുന്നത് പരാജയ ഭീതികൊണ്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തള്ളിക്കളയുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 23ന് ഫലം വരുമ്പോൾ അത് കാണാം. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ വൈകിയിട്ടില്ല. പരാതി നൽകാൻ പറ്റിയ സമയം ഇതാണ്. ഉടൻ വിശദമായ കണക്കുകൾ കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. വോട്ടർമാരെ വെട്ടിനിരത്തിയത് സംബന്ധിച്ച എല്ലാ മണ്ഡലങ്ങളിലേയും കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും അത് കമ്മീഷന് കൈമാറുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഈ വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ കന്നിവോട്ടര്‍മാര്‍ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയിലുണ്ടായ വര്‍ധനവ് 1.32 ലക്ഷം മാത്രമാണ്. പട്ടികയില്‍ നിന്നും പത്തുലക്ഷത്തോളം ആളുകളെ വെട്ടിനീക്കിയതിനാലാണിങ്ങനെ സംഭവിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വെട്ടിനിരത്തൽ നടന്നതിന് തെളിവുകൾ കയ്യിലുണ്ടെന്ന് ഉമ്മൻചാണ്ടിക്ക് ഒപ്പമുണ്ടായിരുന്ന കെ മുരളീധരൻ പറഞ്ഞു. അതും കമ്മീഷന് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.