തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയിലെ യുവ നേതാക്കള്‍ തര്‍ക്കം നടത്തിയപ്പോള്‍, മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന പോലെ കോണ്‍ഗ്രസ് എം സീറ്റ് കൈപിടിയില്‍ ഒതുക്കിയതിനെ ന്യായീകരിച്ച് ഉമ്മന്‍ചാണ്ടി രംഗത്ത്.
കോണ്‍ഗ്രസ് എമ്മിന്‍റെ യുഡിഎഫിലേയ്ക്കുള്ള തിരിച്ചുവരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി
അഭിപ്രായപ്പെട്ടു. അതുകൂടാതെ ഇതൊരു കീഴ്‌വഴക്കമാകില്ല എന്നും സീറ്റ് നല്‍കിയത് ഒരു തവണത്തേക്ക് മാത്രമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി സംവിധാനം ശക്തമായി കൊണ്ടുപോകാന്‍ കൂട്ടായി എടുത്ത തീരുമാനമാണ് കേരള കോണ്‍ഗ്രസിനു സീറ്റ് വിട്ടുകൊടുക്കുക എന്നത്. തീരുമാനം കൂട്ടായെടുത്ത് അതിന്‍റെ അംഗീകാരം തേടുക മാത്രമാണു ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നല്‍കിയത്. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത് അദ്ദേഹം പറഞ്ഞു.
ഇതിനു മുന്‍പും ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ട്. 1991 വരെ കേരളാ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന സീറ്റ് ഒരു പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് എടുത്തിരുന്നു. 2010-15 കാലഘട്ടത്തില്‍ മുസ്‌ലിം ലീഗിനും സീറ്റ് കൊടുത്തിരുന്നില്ല. അത്തരം വിട്ടുവീഴ്ച്ചകള്‍ എല്ലാ മുന്നണിയില്‍ നിന്നും മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത് മനസിലാക്കാത്തതുകൊണ്ടാണ് ചിലയിടങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നത് അദ്ദേഹം പറഞ്ഞു.
അതേസമയം, യോവ നേതാക്കളുടെ കലാപം ഉമ്മന്‍ചാണ്ടിയുടെ സൃഷ്ടിയാണെന്ന പി.ജെ കുര്യന്‍റെ വാദത്തെയും അദ്ദേഹം നിരാകരിച്ചു. പി.ജെ കുര്യനെതിരെ താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
താന്‍ പരാതി പറയുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോടു നേരിട്ടു ചോദിച്ചാല്‍ കുര്യനു സത്യാവസ്ഥ മനസ്സിലാകും. കുര്യനോടു വ്യക്തിപരമായി വൈരാഗ്യമില്ല. ബഹുമാനവും ആദരവുമേയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.