കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നൽകിയ വ്യാജ ഗൂഢാലോചനക്കേസിൽ പോലീസ് എഫ്.ഐ.ആർ ഇട്ടത് എല്ലാവരെയും ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെടേണ്ടയാൾ നൽകിയ പരാതിയിൽ പ്രിൻസിപ്പലിനും കെ.എസ്.യു പ്രസിഡന്റിനും മാധ്യമ പ്രവർത്തകയായ അഖിലയ്ക്കും എതിരെ പോലീസ് കേസ് എടുക്കുകയാണ്. ഇത് വെള്ളരിക്കാ പട്ടണമാണോയെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ഈ കേസിലൂടെ പുറത്ത് വന്നിരിക്കുന്നത്. എതിരായി ആരെങ്കിലും സംസാരിച്ചാൽ അവർക്കെതിരെ കേസ് എടുക്കുന്ന മോദി സ്‌റ്റൈലിലേക്ക് പിണറായി മാറിയിരിക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയും മറ്റൊരു കുറ്റകൃത്യത്തിന് കൂട്ട് നിൽക്കുകയും ചെയ്ത ആളാണ് എസ്.എഫ്.ഐ സെക്രട്ടറി. വധശ്രമവും സ്ത്രീകളെ ആക്രമിച്ചതും തട്ടിക്കൊണ്ട് പോകലും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ക്രിമിനലാണ് ഈ നേതാവ്. ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും നൂറു ദിവസത്തോളം ജയിലിൽ കിടക്കുകയും വീണ്ടും ജാമ്യം റദ്ദാക്കപ്പെടുകയും ചെയ്ത ഒരാളുടെ പരാതിയിലാണ് പോലീസ് കള്ളക്കേസെടുത്തിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
ALSO READ: വ്യാജരേഖ കേസ്; കെ.വിദ്യയുടെ വീട്ടിൽ പോലീസ് പരിശോധന
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേത് അഹങ്കാരം നിറഞ്ഞ പ്രതികരണമാണ്. അധികാരം സി.പി.എമ്മിലുണ്ടാക്കിയിരിക്കുന്ന അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് ഇനിയും കേസെടുക്കുമെന്ന പ്രഖ്യാപനം. പാർട്ടി സെക്രട്ടറിയെയല്ല, മുഖ്യമന്ത്രിയെയാണ് ഭരിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. കുട്ടി സഖാക്കൾ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുടപിടിച്ച് കൊടുക്കുന്ന സമീപനമാണ് സി.പി.എമ്മിന്. കാട്ടാക്കടയിൽ ആൾമാറാട്ടം നടത്തിയ എസ്.എഫ്.ഐ നേതാവ് ഇപ്പോഴും റോഡിലൂടെ വെല്ലുവിളിച്ച് നടക്കുകയാണ്. ഒരു പോലീസും അയാളെ അറസ്റ്റ് ചെയ്യുന്നില്ല. ഗസ്റ്റ് ലക്ചർ ആയിരുന്നെന്ന വ്യാജ രേഖയുണ്ടാക്കിയ വനിതാ നേതാവും സ്വതന്ത്രമായി നടക്കുകയാണ്. അവർക്ക് ഒത്താശ ചെയ്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും വെറുതെ നടക്കുകയാണ്. എന്നിട്ടാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തവർക്കെതിരെ കേസെടുക്കുന്നതെന്നും വിമർശിച്ച അദ്ദേഹം ആരെയാണ് എം.വി ഗോവിന്ദൻ ഭയപ്പെടുത്തുന്നതെന്നും ചോദിച്ചു.
പോലീസ് കയ്യും കാലും വിറച്ച് ഇരിക്കുകയാണ്. പോലീസിനെ നിയമിക്കുന്നത് പാർട്ടിക്കാരാണ്. പ്രതിപക്ഷ നേതാവിനെതിരെ സി.പി.എം പ്രവർത്തകനിട്ട പോസ്റ്റ് പറവൂരിലെ സി.ഐയാണ് ലൈക്ക് അടിച്ചത്. ഏറാൻമൂളികളായ ഉദ്യോഗസ്ഥരെയാണ് എല്ലായിടത്തും നിയമിച്ചിരിക്കുന്നത്. പോലീസിന്റെ വിശ്വാസ്യത പൂർണമായും തകർന്നിരിക്കുകയാണ്. വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങിയതിന് വില്ലേജ് ഓഫീസറെ വിരട്ടിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ അറിയേണ്ടെ? മുഖ്യമന്ത്രിയുടെ ഭീരുത്വം കണ്ട് ജനങ്ങൾ ചിരിക്കുകയാണ്. വനിതാ മാധ്യമ പ്രവർത്തകർ സൈബർ വെട്ടുകിളി സംഘങ്ങളുടെ സ്ഥിരം ഇരകളാണ്. സംഘപരിവാർ സ്റ്റൈലിലാണ് കേരളത്തിലും ആക്രമണം നടക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...