വരാപ്പുഴ കസ്റ്റഡി മരണം: പൊലീസുകാരും പ്രതികളാകും

പ്രതിയെ ആള് മാറി അറസ്റ്റ് ചെയ്തതിന്‍റെ ഉത്തരവാദിത്തം സിഐയ്ക്കാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

Last Updated : Apr 18, 2018, 10:40 AM IST
വരാപ്പുഴ കസ്റ്റഡി മരണം: പൊലീസുകാരും പ്രതികളാകും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിഐ മുതല്‍ ആര്‍ടിഎഫ് വരെ പ്രതികളായേക്കുമെന്ന് സൂചന. ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ആദ്യ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. 

പ്രതിയെ ആള് മാറി അറസ്റ്റ് ചെയ്തതിന്‍റെ ഉത്തരവാദിത്തം സിഐയ്ക്കാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. വരാപ്പുഴ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രതികളാകും. അതേസമയം മരണത്തിന് കാരണമായ മര്‍ദ്ദനം നടന്നത് എപ്പോഴാണെന്ന് കൃത്യമായ വിവരം ഇതുവരെയും ലഭിച്ചിട്ടില്ല. 

ഒരു സംഘം ആളുകള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ വാസുദേവന്‍ ആത്മഹത്യ ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഈ കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. തുടര്‍ന്ന് പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. എന്നാല്‍ കേസിലെ പ്രതി മറ്റൊരു ശ്രീജിത്താണെന്നും പൊലീസ് ആള് മാറി കസ്റ്റഡിയിലെടുത്തതാണെന്നുമെന്ന് പിന്നീട് വ്യക്തമായി. പ്രാദേശിക സിപിഎം നല്‍കിയ പട്ടിക വച്ച് ആളുകളെ കസ്റ്റഡിയിലെടുത്തതാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

Trending News