സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി കോച്ചിംഗ് സെന്‍റര്‍; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്തുള്ള മൂന്ന്‍ സ്ഥാപനങ്ങളെ കുറിച്ചാണ് അന്വേഷണം.   

Ajitha Kumari | Updated: Feb 23, 2020, 12:41 PM IST
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി കോച്ചിംഗ് സെന്‍റര്‍; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പി.എസ്.സി കോച്ചിംഗ് സെന്‍ററുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തുള്ള മൂന്ന്‍ സ്ഥാപനങ്ങളെ കുറിച്ചാണ് അന്വേഷണം.  പൊതുഭരണസെക്രട്ടറിയുടെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം. ഡിവൈഎസ്പിക്കായിരിക്കും അന്വേഷണ ചുമതല.പി.എസ്.സി സെക്രട്ടറിയും അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പി.എസ്.സി. ചോദ്യക്കടലാസ് സെക്ഷനുകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്നും ആക്ഷേപവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്.

പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണമുള്ളത്. ഇതില്‍ രണ്ടുപേര്‍ ദീര്‍ഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റുള്ളവരുടെ പേരിലാണ് ഇവര്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ഇതിനിടെ ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം കെഎഎസ് പരീക്ഷ എഴുതുകയും ചെയ്തിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍, പി.എസ്.സിയുമായി ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം എന്നീ കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.