കണ്ണൂര്‍: കേരളത്തെ ഞെട്ടിച്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഡിവൈഎഫ്‌ഐയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി നടി നിഖില വിമല്‍. തളിപ്പറമ്പിലെ കളക്ഷന്‍ സെന്ററിലാണ് നിഖില എത്തിയത്. രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന നിഖിലയുടെ വീഡിയോ ഡിവൈഎഫ്‌ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വയനാട്ടിലേയ്ക്ക് അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില എത്തിയത്. രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം പാക്കിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിഖില സജീവമായി പങ്കെടുത്തു. ബോക്‌സുകള്‍ക്ക് മുകളില്‍ കൃത്യമായി മാര്‍ക്ക് ചെയ്യുകയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ബോക്‌സുകളിലാക്കുകയും ചെയ്യുന്ന നിഖിലയെ വീഡിയോയില്‍ കാണാം. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ താരത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: നോവായി വയനാട്; ഉറ്റവരെ കാത്ത് ബന്ധുക്കൾ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
പലരും സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ നിഖില വയനാടിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് ചിലര്‍ പറഞ്ഞത്. നിഖിലയുടെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയവരുമുണ്ട്. ഇതില്‍ പാര്‍ട്ടി നോക്കേണ്ടതില്ലെന്നും നമ്മുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യണമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐയെ പ്രശംസിച്ച് കൊണ്ടും നിരവധിയാളുകളാണ് എത്തുന്നത്. 2018ലെ പ്രളയത്തില്‍ ടൊവിനോ നടത്തിയ പ്രവര്‍ത്തനങ്ങളെ ഓര്‍ക്കുന്നവരുടെ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നിഖില വിമല്‍ എന്നും തന്റെ അഭിപ്രായങ്ങളും നിലപാടുകളും രാഷ്ട്രീവുമെല്ലാം തുറന്നുപറയാന്‍ മടികാണിക്കാത്ത താരമാണ്. ഇതിന്റെ പേരില്‍ പലപ്പോഴും നിഖിലയ്ക്ക് നേരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. എങ്കിലും തന്റെ നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാതെ നിഖില ഉറച്ച് നില്‍ക്കാറുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഡിവൈഎഫ്‌ഐയുടെ കളക്ഷന്‍ സെന്ററില്‍ വയനാടിന് വേണ്ടിയുള്ള നിഖിലയുടെ പ്രവര്‍ത്തനങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy