കനത്ത മഴയിലും പ്രളയത്തിലും അകപ്പെട്ട് ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതരായി മണാലിയില്‍ തിരിച്ചെത്തി. ഇക്കാര്യം മഞ്ജു തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്.
താനും സംഘവും പൂര്‍ണ്ണമായും സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു വാര്യര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയില്‍ എത്തിക്കുകയായിരുന്നു.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മഞ്ജുവും സംവിധായകനും ഉള്‍പ്പെടുന്ന 30 പേരടങ്ങുന്ന സംഘം ഛത്രുവില്‍ എത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഛത്രുവില്‍ കനത്ത മഴയായിരുന്നു. അതിനെ തുടര്‍ന്ന്‍ സംഘം യാത്ര തുടരാനാകാത്ത അവസ്ഥയില്‍ 6 ദിവസമാണ് കുടുങ്ങിയത്. മാത്രമല്ല ഈ പ്രദേശത്തെ ടെലിഫോണ്‍, ഇന്റര്‍നെറ്റ്,വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. സാറ്റലൈറ്റ്‌ഫോണ്‍ വഴി മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്.
തുടര്‍ന്ന്‍ മധു വാര്യറാണ് മാധ്യമങ്ങളെയും കേന്ദ്രമന്ത്രി വി.മുരളീധരനേയും അറിയിച്ചത്.
അപകട ഘട്ടത്തില്‍ നിന്ന് രക്ഷപെട്ടതിന് പിന്നാലെ മഞ്ഞു വീഴ്ചയ്ക്കിടെ സംഘം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്‍റെ വീഡിയോയും മഞ്ജു വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോ കാണാം: