Wild Elephant Attack: വയനാട് പുൽപ്പള്ളി ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങി; വീടിന്റെ ഗേറ്റ് തകർത്തു

Wild Elephant Attack Wayanad: കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന്റെ പിൻവശത്തെ പറമ്പിലൂടെ വീട്ടുമുറ്റത്ത്‌ കടന്ന് കാട്ടാനകൾ അടച്ചിട്ടിരുന്ന ഗേറ്റ് തകർത്ത് റോഡിലേക്കിറങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : May 24, 2024, 11:33 PM IST
  • നെയ്ക്കുപ്പ വനത്തിൽനിന്നിറങ്ങുന്ന ആനകളാണ് മരകാവ്, ഭൂദാനം, വേലിയമ്പം, കണ്ടാമല തുടങ്ങിയ ജനവാസമേഖലകളിലേക്കെത്തുന്നത്
  • കഴിഞ്ഞ കുറേക്കാലമായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്
Wild Elephant Attack: വയനാട്  പുൽപ്പള്ളി ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങി; വീടിന്റെ ഗേറ്റ് തകർത്തു

വയനാട്: പുൽപ്പള്ളി ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ വീടിന്റെ ഗേറ്റ് തകർത്തു. മരകാവ് ഭൂദാനത്ത് വാഴയിൽ മത്തായിയുടെ വീടിനുമുന്നിലെ ഗേറ്റാണ് ആനകൾ തകർത്തത്. പ്രദേശത്ത് ഒട്ടേറെ കർഷകരുടെ കൃഷികളും ആനകൾ നശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന്റെ പിൻവശത്തെ പറമ്പിലൂടെ വീട്ടുമുറ്റത്ത്‌ കടന്ന് കാട്ടാനകൾ അടച്ചിട്ടിരുന്ന ഗേറ്റ് തകർത്ത് റോഡിലേക്കിറങ്ങിയത്.

ശബ്ദംകേട്ടുണർന്ന വീട്ടുകാർ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് രണ്ട് ആനകൾ കടന്നുപോകുന്നത് കണ്ടത്. മുമ്പും കാട്ടാനയിറങ്ങി മത്തായിയുടെ തോട്ടത്തിലെ കൃഷിനശിപ്പിച്ചിരുന്നു.

നെയ്ക്കുപ്പ വനത്തിൽനിന്നിറങ്ങുന്ന ആനകളാണ് മരകാവ്, ഭൂദാനം, വേലിയമ്പം, കണ്ടാമല തുടങ്ങിയ ജനവാസമേഖലകളിലേക്കെത്തുന്നത്. കഴിഞ്ഞ കുറേക്കാലമായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്.

കർഷകർക്ക് കൃഷിയിറക്കാനോ, സമാധാനപരമായി ജീവിക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ്. വനാതിർത്തിയിലെ ട്രഞ്ചും ഫെൻസിങ്ങുകളും തകർന്നുകിടക്കുന്നതിനാലാണ് ആനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

തകർന്നുകിടക്കുന്ന ട്രഞ്ചും ഫെൻസിങ്ങും നന്നാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെതവണ വനംവകുപ്പിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകരുടെ പരാതി. വനംവകുപ്പ് പ്രതിരോധ സംവിധാനങ്ങൾ ഉടനെ നടപ്പാക്കിയില്ലെങ്കിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

Trending News