സല്‍മാന്‍ ഒന്നാമന്‍; പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മമ്മൂട്ടി!

സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ 253.25 കോടിയാണ് ഒരു വര്‍ഷം സല്‍മാന്‍ സമ്പാദിച്ചത്. 

Last Updated : Dec 5, 2018, 05:04 PM IST
സല്‍മാന്‍ ഒന്നാമന്‍; പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മമ്മൂട്ടി!

2018 ഒക്ടോബര്‍ ഒന്നു മുതല്‍ 2019 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി സല്‍മാന്‍ ഖാന്‍. 

ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം  ഇത് മൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതെത്തുന്നത്. സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ 253.25 കോടിയാണ് ഒരു വര്‍ഷം സല്‍മാന്‍ സമ്പാദിച്ചത്. 

നടന്മാര്‍ക്ക് വെല്ലുവിളിയായി ഇത്തവണ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടിയുമായി കോഹ്‌ലി രണ്ടാം സ്ഥാനം കീഴടക്കിയപ്പോള്‍ 45.83 കോടിയുമായി ഭാര്യയായ അനുഷ്‌ക ശര്‍മ 16ാം സ്ഥാനത്തുണ്ട്. 

185 കോടിയുമായി അക്ഷയ് കുമാറാണ് മൂന്നാമത്. കഴിഞ്ഞ വര്‍ഷം 170 കോടി സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തായിരുന്ന ഷാരൂഖ് ഇത്തവണ പതിമൂന്നാം സ്ഥാനത്തേയ്ക്ക് തഴയപ്പെട്ടു. 

ഈ കാലയളവില്‍ റിലീസ് ഒന്നുമില്ലാതിരുന്നതിനാല്‍ പരസ്യവരുമാനത്തില്‍ നിന്നും മാത്രം ലഭിച്ച 56 കോടിയാണ് ഷാരൂഖിന്‍റെ സമ്പാദ്യം. അതുപോലെ തന്നെ ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്ര (2017ല്‍ 68 കോടി) ഈ വര്‍ഷം 18 കോടി വരുമാനവുമായി 49ാം സ്ഥാനത്തെത്തി. 

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും 18 കോടി സമ്പാദ്യവുമായി പ്രിയങ്കയ്‌ക്കൊപ്പമുണ്ട്.പട്ടികയില്‍ പതിനഞ്ച് താരങ്ങള്‍ തെന്നിന്ത്യയില്‍ നിന്ന് ഇടം നേടിയപ്പോള്‍ കേരളത്തില്‍ നിന്നും സ്ഥാനമുറപ്പിച്ചത് മമ്മൂട്ടി മാത്രമായിരുന്നു.  

66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ എ. ആര്‍. റഹ്മാന്‍ ആണ് തെന്നിന്ത്യയിലെ ഒന്നാമന്‍. മഹേഷ് ബാബു (24.33 കോടി) 33ാം സ്ഥാനത്തെത്തിയപ്പോള്‍ 23.67 കോടിയുമായി സൂര്യ തൊട്ടുപിന്നിലെത്തി. 

36ാംസ്ഥാനത്തുള്ള നാഗാര്‍ജുനയെ (22 കോടി) പിന്നിലാക്കി 23.67 കോടിയുമായി 34ാം സ്ഥാനത്തെത്തിയ വിജയ് സേതുപതിയുടെ മുന്നേറ്റമാണ് എടുത്തുപറയേണ്ടത്. 

നടിമാരില്‍ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണ്‍ ആണ്. 112.8 കോടിയാണ് നടിയുടെ വരുമാനം. 2012നു ശേഷം ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ നടിയാണ് ദീപിക. 101.77 കോടിയുമായി മഹേന്ദ്രസി൦ഗ് ധോണിയാണ് അഞ്ചാമത്. 

നടിമാരില്‍ ദീപികയ്ക്കു പിന്നില്‍ പന്ത്രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടും (58.83 കോടി), 16ാം സ്ഥാനത്ത് അനുഷ്കയും,  20ാംസ്ഥാനത്ത് പി.വി സിന്ധുവും( 36.5കോടി) 21ാം സ്ഥാനത്ത് കത്രീന (33.67 കോടി)യുമാണ്‌. 

ആമിര്‍ ഖാന്‍ (97.5 കോടി) അമിതാഭ് ബച്ചന്‍ (96.17 കോടി) രണ്‍വീര്‍ സി൦ഗ്(84.67 കോടി) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (80 കോടി) അജയ് ദേവ്ഗണ്‍ (74 കോടി) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്ഥാനം. 

ഹൃതിക് റോഷന്‍ (19.56 കോടി), ജോണ്‍ എബ്രഹാം (19.3 കോടി), ധനുഷ് (17.25 കോടി), ഷാഹിദ് കപൂര്‍ (17.17 കോടി), ഐശ്വര്യ റായി (16.83 കോടി), അല്ലു അര്‍ജുന്‍ )15.67 കോടി), നയന്‍താര (15.17 കോടി), കമല്‍ഹാസന്‍ (14.2 കോടി) എന്നിവരും പട്ടികയിലുണ്ട്. തെന്നിന്ത്യയില്‍ നിന്ന് ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയ ഒരേയൊരു നടിയാണ് നയന്‍താര.
 

Trending News