Malayalam film industry: മോഹൻലാലിനെതിരെ ശ്രീനിവാസൻ, ലഹരിയ്ക്ക് പിന്നാലെ യുവനടൻമാ‍ർ; മലയാള സിനിമയെ പിടിച്ചു കുലുക്കിയ 6 വിവാദങ്ങൾ

Malayalam film industry controversies: 2023ൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ വിവാദങ്ങൾക്ക് മാത്രം ഒരു പഞ്ഞവുമില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 12:39 PM IST
  • മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന വർഷമാണ് 2023.
  • ബി​ഗ് ബജറ്റ് ചിത്രങ്ങളും സൂപ്പർ താരങ്ങളുടെ തിരിച്ചുവരവുമെല്ലാം പ്രതീക്ഷിച്ചാണ് ഈ വ‍ർഷം ആരംഭിച്ചത്.
  • ആദ്യ പകുതി പിന്നിടുമ്പോൾ മലയാള സിനിമയിൽ വിവാദങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറിയത്.
Malayalam film industry: മോഹൻലാലിനെതിരെ ശ്രീനിവാസൻ, ലഹരിയ്ക്ക് പിന്നാലെ യുവനടൻമാ‍ർ; മലയാള സിനിമയെ പിടിച്ചു കുലുക്കിയ 6 വിവാദങ്ങൾ

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന വർഷമാണ് 2023. ഇതുവരെ കാണാത്ത ക്യാൻവാസിൽ ബി​ഗ് ബജറ്റ് ചിത്രങ്ങളും സൂപ്പർ താരങ്ങളുടെ തിരിച്ചുവരവുമെല്ലാം പ്രതീക്ഷിച്ചാണ് മലയാള സിനിമ ഇൻഡസ്ട്രി ഈ വ‍ർഷം മുന്നോട്ട് പോകുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മലയാള സിനിമയിൽ വിവാദങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറിയത്. 

സംവിധായകരും നടൻമാരും തമ്മിലുള്ള തർക്കങ്ങൾ, യുവനടൻമാർക്കിടയിലെ ലഹരി ഉപയോ​ഗം, നടൻമാർ തമ്മിലുള്ള സൗന്ദര്യ പിണക്കം തുട​ങ്ങി നിരവധി വിവാദങ്ങളാണ് സമീപ കാലത്ത് മലയാള സിനിമയിൽ ഉണ്ടായത്. അത്തരത്തിൽ മലയാള സിനിമ മേഖലയിലുണ്ടായ ആറ് പ്രധാന വിവാദങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ALSO READ: ഉദ്വേഗം നിറച്ച് 'നല്ല നിലാവുള്ള രാത്രി' ടീസർ; 30ന് തിയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസിയുടെയും ഷെയ്ൻ നിഗത്തിന്റെയും 'വിലക്കും' ലഹരി ഉപയോ​ഗവും

ചില നടൻമാരുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളായിരുന്നു മലയാള സിനിമ കണ്ട ഈ വർഷത്തെ പ്രധാന വിവാദങ്ങളിലൊന്ന്. യുവനടൻമാരായ ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നി​ഗവുമായും സഹകരിക്കില്ലെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക), കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്പിഎ) സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ എന്നിവർ തീരുമാനിച്ചത് വലിയ ചർച്ചയായിരുന്നു.  

ഒന്നിലധികം സിനിമകൾക്ക് ഒരേ ഡേറ്റ് നൽകി ചില അഭിനേതാക്കൾ തങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പേരുകൾ വെളിപ്പെടുത്താതെ ആരോപിച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. ചിത്രത്തിന്റെ എഡിറ്റിം​ഗ്  കാണിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കില്ലെന്ന് അടുത്തിടെ ഒരു നടൻ പറഞ്ഞതായും ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

ഈ വാർത്താസമ്മേളനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് നിഗവുമായും ഭാസിയുമായും ഇനി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനകൾ അറിയിച്ചത്. ഇരുവർക്കും എതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മയക്കുമരുന്ന് ഉപയോഗം കാരണം തങ്ങൾ ഈ അഭിനേതാക്കളുടെ സിനിമകൾ ചെയ്യില്ലെന്നുമായിരുന്നു സംഘടനകളുടെ നിലപാട്. വിലക്ക് എന്ന് പറയുമ്പോഴും അത് പൂർണമായ അർത്ഥത്തിലായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ ഇരുവരും അമ്മയിൽ അം​ഗത്വത്തിന് വേണ്ടി അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. 

നടനും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കി. തന്റെ ഒരു സഹപ്രവർത്തകൻ മയക്കു മരുന്നിന് അടിമയാണെന്നും മയക്കു മരുന്നിൻ്റെ ഉപയോഗം മൂലം അദ്ദേഹത്തിന്റെ പല്ലിന് കേടുപാടുകൾ സംഭവിച്ചുവെന്നുമായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തൽ. മലയാളം ഇൻഡസ്ട്രിയിലെ ലഹരിയുടെ ഉപയോ​ഗം കാരണം താനും ഭാര്യയും മകൻ മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ടിനി പറഞ്ഞിരുന്നു. ടിനി ടോമിൻ്റെ ഈ പരാമർശത്തിനെതിരെ ചില താരങ്ങൾ പരസ്യമായി രം​ഗത്തെത്തിയതും വാ‍ർത്തയായി. 

ഇതിനിടെ സിനിമാ മേഖലയിൽ മയക്കു മരുന്ന് ഉപയോഗം വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി നടൻ ബാബുരാജ് രം​ഗത്തെത്തി. മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ മുഴുവൻ പട്ടികയും അമ്മയുടെയും പോലീസിൻ്റെയും കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഒരിക്കൽ  എക്സൈസ് ഉദ്യോഗസ്ഥരുടെ അന്വേഷണം ഒരു പ്രമുഖ നടന്റെ കാറിലേക്ക് എത്തിയിരുന്നുവെന്നും ആ സമയത്ത് കാർ തടഞ്ഞു നിർത്തി പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ വ്യവസായം ഇല്ലാതാകുമായിരുന്നുവെന്നും ബാബുരാജ് വെളിപ്പെടുത്തി.

അതേസമയം, മലയാള സിനിമയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പൂർണ്ണമായ ലിസ്റ്റ് അമ്മയുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ അവകാശവാദം ജനറൽ സെക്രട്ടറി ഇടവേള ബാബു തള്ളി. ആരാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണെന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. 

വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ എല്ലാ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഷാഡോ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതു രാമൻ അറിയിച്ചിരുന്നു. ജൂൺ 25 ന് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ, അഭിനേതാക്കളുടെ വിലക്കിനെക്കുറിച്ച് അമ്മ ചർച്ച ചെയ്യുകയും തൽക്കാലം ഭാസിക്ക് അംഗത്വം നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. നിഗവും നിർമ്മാതാക്കളും തമ്മിലുള്ള തർക്കത്തിന് പരിഹാരം കാണുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

മോഹൻലാൽ കാപട്യക്കാരനെന്ന് ശ്രീനിവാസൻ

മോഹൻലാലും എഴുത്തുകാരനും നടനുമായ ശ്രീനിവാസനും തമ്മിലുള്ള ദീർഘകാല ബന്ധം മലയാളികൾക്ക് നന്നായി അറിയാം. 1980കൾ മുതൽ മോഹൻലാൽ - ശ്രീനിവാസൻ കോംബോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ 2010ൽ പുറത്തിറങ്ങിയ ഒരു നാൾ വരും എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ ഒരു അവാർഡ് ദാന ചടങ്ങിനിടെ മോഹൻലാൽ തന്നെ ചുംബിച്ചതിനെക്കുറിച്ച് ശ്രീനിവാസനോട് ചോദിച്ചിരുന്നു. മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് പലപ്പോഴും വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് ഒടുവിൽ മനസ്സിലായി എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. മോഹൻലാലിനെ പരിഹസിച്ച പത്മശ്രീ ഭരത് ഡോ സരോജ് കുമാർ എന്ന സിനിമയ്ക്ക് ശേഷമാണോ നിങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത തുടങ്ങിയതെന്ന് ചോദിച്ചപ്പോൾ അതിനു മുമ്പ് പോലും തങ്ങളുടെ ബന്ധം പ്രത്യേകിച്ച് ശക്തമായിരുന്നില്ല എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. മോഹൻലാൽ ഒരു കാപട്യക്കാരനാണെന്നും ശ്രീനിവാസൻ പറഞ്ഞു. 

ശ്രീനിവാസൻ ഇത്തരം പ്രസ്താവനകൾ നടത്തിയത് വിചിത്രമായി തോന്നുന്നു എന്നായിരുന്നു സംവിധായകൻ പ്രിയദർശന്റെ പ്രതികരണം. മോഹൻലാലിനെക്കുറിച്ച് അത്തരം ആരോപണങ്ങൾ ഉന്നയിച്ചതിലൂടെ അദ്ദേഹം എല്ലാ പരിധികളും ലംഘിച്ചെന്ന് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. എന്നാൽ, താനും മോഹൻലാലും തമ്മിൽ ശത്രുതയില്ലെന്നും വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുമെന്നും ശ്രീനിവാസൻ പിന്നീട് പറയുകയും ചെയ്തതോടെ വിവാദങ്ങൾ തത്ക്കാലത്തേയ്ക്ക് കെട്ടടങ്ങി. 

ഒടിടി റിലീസുകൾക്കെതിരെ ഫിയോക്കിന്റെ പ്രതിഷേധം

തിയേറ്റർ ഉടമകളെ പ്രതിനിധീകരിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (FEUOK) ഓൺലൈനിൽ സിനിമകൾ റിലീസ് ചെയ്യുന്നതിന് മുമ്പ് ഉചിതമായ ഇടവേള വേണമെന്ന് പറഞ്ഞത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ഒടിടി റിലീസുകൾക്ക് മറുപടിയായി  ജൂൺ 7, 8 തീയതികളിൽ തുടർച്ചയായി രണ്ട് ദിവസങ്ങളിൽ സിനിമാ തിയേറ്ററുകൾ അടച്ചിട്ടാണ് ഫിയോക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. 

മലയാള സിനിമാ നിർമ്മാതാക്കൾക്ക് അവരുടെ സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാനുള്ള അനുമതി തിയേറ്റർ റിലീസിന് 42 ദിവസം കഴിഞ്ഞ് മാത്രമേ അനുവദിച്ചിട്ടുള്ളൂ. എങ്കിലും ചില സംവിധായകർ നിബന്ധനകൾ ലംഘിച്ച് അവരുടെ സിനിമകൾ നേരത്തെ തന്നെ ഒടിടിയിൽ റിലീസ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഫിയോക്ക് ആരോപിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ നേരത്തെ റിലീസ് ചെയ്യുന്നതാണ് തിയേറ്ററിൽ പ്രേക്ഷകരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഒടിടി റിലീസുകളോട് താത്പ്പര്യം കാണിക്കുന്നതിന് പ്രൊഡക്ഷൻ ഹൗസുകളുടെ ഉടമകളായ അഭിനേതാക്കളെ ഫിയോക്ക് ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.

കള്ളപ്പണ ആരോപണം; നിർമ്മാതാവ് കൂടിയായ നടൻ 25 കോടി പിഴ അടച്ചു

മലയാളത്തിലെ നിർമ്മാതാവ് കൂടിയായ ഒരു നടൻ കള്ളപ്പണ ഇടപാടിൻ്റെ പേരിൽ 25 കോടി രൂപ പിഴ അടച്ചു എന്ന റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിലേയ്ക്ക് വിദേശത്ത് നിന്ന് കള്ളപ്പണം ഒഴുകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. മലയാളത്തിലെ അഞ്ച് നിർമ്മാതാക്കളെ കേന്ദ്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ നടനും നിർമ്മാതാവും എന്ന് തിരിച്ചറിഞ്ഞ ഒരാൾ 25 കോടി രൂപ പിഴയടച്ചതായി മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്. ഇയാൾ വിദേശത്ത് നിന്ന് വൻ തുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിരുന്നു.

രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്ന സിനിമകൾ പുറത്തിറക്കാൻ കേരളത്തിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നുണ്ടോയെന്ന് ഏജൻസികൾ പരിശോധിച്ചു വരികയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. വിദേശത്ത് നിന്ന് വരുന്ന പണം മുടക്കി സിനിമ നിർമിക്കുന്ന സമയത്താണ് കൂടുതൽ ലഹരി പദാർഥങ്ങൾ ഷൂട്ടിം​ഗ് ലൊക്കേഷനുകളിൽ എത്തുന്നതെന്ന മൊഴിയും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിരുന്നു.

25 കോടി പിഴയടച്ച നടനും നിർമ്മാതാവും പൃഥ്വിരാജ് സുകുമാരനാണെന്ന് അവകാശപ്പെട്ട് മറുനാടൻ മലയാളി വാർത്ത നൽകി. അന്വേഷണ ഏജൻസികളോടും കുറ്റാരോപിതർ ഉൾപ്പെടെയുള്ള നിർമ്മാതാക്കളോടും അഭിനേതാക്കളോടും സംസാരിച്ചതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നായിരുന്നു മറുനാടൻ മലയാളിയുടെ അവകാശവാദം. എന്നാൽ ആരോപണങ്ങൾ പൃഥ്വിരാജ് നിഷേധിച്ചു. തനിക്കെതിരെ അപകീർത്തികരവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങൾ ഉന്നയിച്ചതിന് വെബ്‌സൈറ്റിനും അതിന്റെ ഉടമകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. 

ജൂഡ് ആന്റണി ജോസഫ് vs ആന്റണി വർഗീസ്

2018 എവരിവൺ ഈസ് എ ഹീറോ എന്ന സിനിമയുടെ റിലീസിന് തൊട്ടുപിന്നാലെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഉന്നയിച്ച ആരോപണം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. അഡ്വാൻസ് വാങ്ങിയ ശേഷം പ്രോജക്റ്റിൽ നിന്ന് നടൻ ആന്റണി വർഗീസ് (പെപ്പെ)  പിന്മാറിയെന്നായിരുന്നു ജൂഡിൻ്റെ ആരോപണം. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് 18 ദിവസം മുമ്പ് ആൻ്റണി വർഗീസ് 10 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നും ഈ പണം ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ജൂഡ് ആന്തണി ആരോപിച്ചു. 

ജൂഡിൻ്റെ പ്രസ്താവന വിവാദമായതോടെ പ്രതികരണവുമായി ആന്റണിയും രംഗത്തെത്തി. തനിയ്ക്കും കുടുംബത്തിനുമെതിരെ ജൂഡ് നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു താരത്തിൻ്റെ പ്രതികരണം. കഥ കേട്ട് അഡ്വാൻസ് തുക കൈപ്പറ്റിയെന്നത് സത്യമാണ്. അവർ ചതിക്കില്ലെന്ന് കരുതിയാണ് താൻ കരാർ ഒപ്പിട്ടത്. പക്ഷേ, തിരക്കഥ വായിച്ചപ്പോൾ ആശയക്കുഴപ്പം തോന്നി. ഇക്കാര്യം താൻ പറഞ്ഞപ്പോൾ അവർ അത് ചർച്ച ചെയ്യാൻ വിസമ്മതിച്ചെന്നും അങ്ങനെയാണ് ആ പ്രോജക്ടിൽ നിന്ന് ഒഴിവാകാൻ തീരുമാനിച്ചതെന്നും പെപ്പെ പറഞ്ഞു.

പിന്നീട് റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആൻ്റണി വ‍ർ​ഗീസിനെയും കുടുംബാംഗങ്ങളെയും വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നതായി ജൂഡ് ആന്റണി പരസ്യമായി പറഞ്ഞു. അദ്ദേഹം സഹോദരിയുടെ വിവാഹത്തിന് പണം വാങ്ങിയത് സത്യമാണോ എന്ന് പോലും അറിയാതെയാണ് താൻ അവകാശവാദം ഉന്നയിച്ചതെന്നും ആ നിമിഷം, നിർമ്മാതാവിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും ജൂഡ് പറഞ്ഞു. പ്രതികരണത്തിന് മുമ്പ് കൂടുതൽ സംയമനം കാണിക്കേണ്ടതായിരുന്നുവെന്ന് താൻ മനസ്സിലാക്കിയെന്നും വളരെ വിലകുറഞ്ഞ രീതിയിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ 'കരിപ്പെട്ടി' പ്രയോ​ഗം

ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി നടത്തിയ പ്രതികരണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മമ്മൂട്ടി ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞപ്പോള്‍, തന്നെ കറുത്ത ശര്‍ക്കര എന്നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കൂ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ശര്‍ക്കര എന്നാല്‍ കരിപ്പെട്ടിയാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ഇതാണ് മമ്മൂട്ടി റേസിസം പറഞ്ഞെന്ന രീതിയില്‍ വിവാദമായത്. 

ഇതാദ്യമായല്ല മമ്മൂട്ടിയുടെ പരാമര്‍ശം വിവാദമാകുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 2018 എവരി വണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്റെ ടീസര്‍  ലോഞ്ചിംഗ് വേദിയില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. വേദിയില്‍ മമ്മൂട്ടി നടത്തിയ ഒരു പരാമര്‍ശം ബോഡി ഷെയ്മിംഗാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തി. 'ജൂഡ് ആന്തണിയ്ക്ക് തലയില്‍ മുടി കുറവാണെന്നേ ഉള്ളൂ, ബുദ്ധിയുണ്ട്' എന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ജൂഡ് ആന്തണി മമ്മൂട്ടിയെ പിന്തുണച്ചെങ്കിലും പിന്നീട് മമ്മൂട്ടി തന്നെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. ആവേശത്തില്‍ ഉപയോഗിച്ച വാക്കുകളാണ് അതെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചതോടെ വിവാദങ്ങള്‍ അവസാനിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News