അമല പോളിനെ നായികയാക്കി രത്ന കുമാർ സംവിധാനം ചെയ്ത 'ആടൈ' ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചലച്ചിത്രമാണ്.
വ്യത്യസ്തമായ നിരവധി ഭാവപകര്ച്ചകളുള്ള 'കാമിനി' എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിച്ചത്.
പ്രതികാര കഥ പറയുന്ന 'ആടൈ'യുടെ പോസ്റ്ററും ട്രെയിലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. മേയാതമാൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ആടൈ'.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ചിത്രം കങ്കണയെ നായികയാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍, ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് തമിഴിലെ പ്രശസ്ത സിനിമാനിര്‍മ്മാണ കമ്പനിയായ എ ആന്റ് പി ഗ്രൂപ്സിന്റെ തലവന്‍ സി അരുണ്‍ പാണ്ഡ്യന്.
മാധ്യമപ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അരുണ്‍ പാണ്ഡ്യന് വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഷകളിലെയും റീമേക്ക് അവകാശങ്ങള്‍ തങ്ങള്‍ക്കാണെന്ന് പറഞ്ഞ അരുണ്‍ മുംബൈയിലെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുമായി കരാറിലേര്പ്പെട്ടിട്ടുണ്ടെന്ന കാര്യ൦ നിഷേധിക്കുന്നില്ല.
രാജ്യത്തെയും ലോകസിനിമാ ആരാധകര്‍ക്കു മുന്നിലും മികച്ച രീതിയില്‍ പുനരവതരിപ്പിക്കപ്പെടാന്‍ യോഗ്യതയുള്ളതാണ് ഈ സിനിമയെന്നും വൈകാതെ ചിത്രം പുറത്തിറങ്ങുമെന്നും അരുണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴില്‍ പൂര്‍ണനഗ്നയായ കഥാപാത്രമായി ഏറെ വെല്ലുവിളിയോടെ അമല പോള്‍ അഭിനയിച്ച കഥാപാത്രം ചെയ്യാനായി ബോളിവുഡിലെ ഒരു പ്രമുഖ നടിയെയാകും സമീപിക്കുകയെന്നും അരുണ്‍ പറഞ്ഞു.
ചിത്രത്തിന് വേണ്ടി കങ്കണയെ സമീപിച്ചെന്ന വാര്‍ത്ത വ്യാജമാണെന്നും സംവിധായകനെ തീരുമാനിച്ചിട്ടില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
കൂടാതെ, ആടൈ ഹിന്ദി റീമേക്കുമായി ബന്ധപ്പെട്ട മറ്റു വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.