പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രം ആടുജീവിതം റിലീസിനായി ഒരുങ്ങുന്നു. നീണ്ട നാല് വർഷമെടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഈ വർഷം ഒക്ടോബറിൽ തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ആടുജീവിതം 2023 ഒക്ടോബർ 20ന് തിയറ്ററുകളിൽ റിലീസാകുമെന്ന് ബോക്സ്ഓഫീസ് സിനിമ വിശേഷങ്ങൾ പങ്കുവെക്കുന്ന ഫോറം കേരളം റിപ്പോർട്ട് ചെയ്യുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അതേസമയം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമെ ആടുജീവിതം തിയേറ്ററുകളിലേക്ക് റിലീസാകൂ എന്ന് നടൻ പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു.
പ്രമുഖ എഴുത്തുകാരൻ ബെന്യാമിന്റെ നോവലാണ് ആടുജീവതം. ആ നോവലാണ് അതേ പേരിൽ തന്നെ ബ്ലെസി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ആടുജീവിതത്തിന്റെ പൂജ വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. 2018 മാർച്ച് ഒന്നിനാണ് ചിത്രത്തിന്റെ പൂജ നടന്നത്. അതിന്റെ അഞ്ച് വർഷം തികയുമ്പോഴാണ് വീഡിയോ അണിയറക്കാർ പുറത്തുവിട്ടത്. 2022 ജൂലൈയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു.
ALSO READ : Salaar Movie Update : പ്രഭാസിന്റെ സലാർ ഇംഗ്ലീഷിലും എത്തും; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
FK Exclusive:
Prithviraj - Blessy’s #Aadujeevitham releasing on 20th October 2023
Pooja Release #MagicFrames pic.twitter.com/6oJAavsYIM
— ForumKeralam (@Forumkeralam2) March 22, 2023
ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.
നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. എ. ആർ. റഹ്മാൻ ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.
ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷം മാത്രമെ ആടുജീവിതം തിയേറ്ററുകളിലേക്ക് എത്തുകയുള്ളൂ. സിനിമയ്ക്കായി വളരെ അനാരോഗ്യകരമായ ഡയറ്റിങ് രീതിയാണ് പാലിച്ചതെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് വേണ്ടി ശരീരഭാരം 98 കിലോയായി ഉയർത്തിയതായും എന്നാൽ അതിന് ശേഷം ബാക്കി ഭാഗത്തിനായി അത് 67 കിലോയായി കുറയ്ക്കുകയും ചെയ്തെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷൂട്ടിങ്ങിനിടയിൽ ബോധംകെടുന്ന അവസ്ഥ വരെ വന്നു. എന്നാൽ ഈ പ്രയത്നത്തിന് ഫലം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...