മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ഗംഭീര അനുഭവമായി ആടുജീവിതം മ്യൂസിക് ലോഞ്ച്. മലയാളസിനിമ മൊത്തമായി ഒഴുകിയെത്തിയ സായാഹ്നത്തില്‍ എ.ആര്‍ റഹ്മാന്റെ സംഗീതമഴ പെയ്തിറങ്ങി. മലയാള സിനിമ ഇന്നുവരെ കാണാത്ത വിധത്തിലുള്ള മ്യൂസിക് ലോഞ്ച് ആയിരുന്നു ഞായറാഴ്ച കൊച്ചിയിലെ അഡ്‌ലക്‌സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്നത്. അവിശ്വസനീയമായ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും അമല പോളുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാനാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ ഒരുക്കിയ ആടുജീവിതം മാർച്ച് 28 ന് തിയേറ്ററുകളിൽ എത്തും.
ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറപ്രവർത്തകർക്കുമൊപ്പം മ്യൂസിക് ലോഞ്ചിൽ മോഹൻലാൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, രജിഷ വിജയൻ, പ്രശസ്ത സംവിധായകരായ സത്യൻ അന്തിക്കാട്, ജയരാജ്, രാജീവ് അഞ്ചൽ തുടങ്ങിയവരും പങ്കെടുത്തു. ഒരു സംഗീതസംവിധായകനെന്ന നിലയിൽ തൻ്റെ പിതാവായ ആർ കെ ശേഖറിൻ്റെ മലയാള സിനിമയിലെ ശ്രദ്ധേയമായ ഇടപെടലിനെപ്പറ്റി പ്രതിപാദിച്ചുകൊണ്ട് കേരളവും മലയാളികളും തനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവരാണ് എന്നു പറഞ്ഞുകൊണ്ടുള്ള എ ആർ റഹ്മാൻ്റെ പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ALSO READ: ബിനു അടിമാലിക്കെതിരെ കേസ്; ക്യാമറ തല്ലിപ്പൊട്ടിച്ചെന്നും മർദ്ദിച്ചെന്നും ഫോട്ടോഗ്രാഫർ
"1981-ൽ അർജുനൻ മാസ്റ്റർ ഒരു റെക്കോർഡ് പ്ലെയർ പ്രവര്‍ത്തിപ്പിക്കാന്‍ ഏല്‍പ്പിച്ചതാണ് മലയാളസിനിമയിലെ എന്റെ ആദ്യ ചുവട്. അന്നെനിക്ക് അതിന് 50 രൂപ പ്രതിഫലം ലഭിച്ചു. എന്നാൽ മലയാളത്തില്‍ ആദ്യമായി ഞാന്‍ സംഗീതം നല്‍കിയ ചിത്രം 1992-ൽ സംഗീത് ശിവൻ്റെ യോദ്ധയാണ്." അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകാനായത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആടുജീവിതത്തിൽ സംഗീതം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം സംവിധായകന്‍ ബ്ലെസ്സിയുടെ കണ്ണുകളില്‍ ആ ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന സ്വപ്നമാണെന്നും റഹ്മാൻ പറഞ്ഞു.
ആടുജീവിതം എന്ന നോവലിന്റെ രചയിതാവായ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിനാണ് അടുത്തതായി സംസാരിച്ചത്. എന്തുകൊണ്ടാണ് സ്വന്തം നോവല്‍ സിനിമയാക്കിയപ്പോള്‍ അതിന്റെ തിരക്കഥയെഴുതുന്നതിൽ നിന്ന് വിട്ടുനിന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, "വോളിബോളില്‍ മിടുക്കുള്ളവരോട് ബാസ്‌ക്കറ്റ്ബോൾ കളിച്ചുകൂടേ എന്ന് ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ എപ്പോഴും കരുതുന്നു. രണ്ടും തികച്ചും വ്യത്യസ്തമായ കളികളാണെന്ന് എനിക്കറിയാം, അതുപോലെത്തന്നെയാണ് നോവലും തിരക്കഥയും. ആടുജീവിതം സിനിമയാക്കുന്നു എന്നു തീരുമാനിച്ചതു മുതൽക്കേ, തിരക്കഥ എഴുതേണ്ടെന്ന് ഞാൻ തീരുമാനിച്ചിരുന്നു, സിനിമ കണ്ടതിന് ശേഷം ആ തീരുമാനമെടുത്തതിൽ ഞാൻ കൂടുതൽ സന്തോഷിക്കുന്നു."
അടുത്തതായി വേദിയില്‍ എത്തിയത് ആടുജീവിതമെന്ന നോവലിനും സിനിമയ്ക്കും മൂലകാരണമായ ആലപ്പുഴക്കാരന്‍ നജീബാണ്. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതമെന്ന നോവല്‍ രചിച്ചത്. ബെന്യാമിനോടും സിനിമയുടെ ടീമിനോടും നജീബ് നന്ദി രേഖപ്പെടുത്തി. പിന്നീട് ഓസ്കാര്‍ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി വേദിയില്‍ എത്തിച്ചേര്‍ന്നു. വേദിയില്‍ വച്ച് ബെന്യാമിനും നജീബിനുമൊപ്പം ആടുജീവിതം നോവലിൻ്റെ 251th പതിപ്പും അദ്ദേഹം പുറത്തിറക്കി. കഴിഞ്ഞ അഞ്ച് വർഷമായി ഈ സിനിമയ്‌ക്കൊപ്പം പ്രവർത്തിച്ചതിൻ്റെ അനുഭവങ്ങൾ റസൂല്‍ പൂക്കുട്ടി പങ്കുവെച്ചു, അതേസമയം ചിത്രത്തിൻ്റെ ഫൈനല്‍ മിക്‌സിൽ താൻ ഇപ്പോഴും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചിത്രത്തിൻ്റെ ഗാനരചയിതാവ് റഫീഖ് അഹമ്മദ്, എ ആർ റഹ്മാനൊപ്പം വേദിയിലെത്തി ആടുജീവിതത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ച ശേഷം എങ്ങനെയാണ് ഈണമിട്ടത് എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. മലയാള സിനിമയില്‍ പൊതുവേ കണ്ടുവരുന്ന രീതി ആദ്യം ഈണം തയ്യാറാക്കിയ ശേഷം വരികള്‍ എഴുതുന്നതാണെന്നും, അതിനു വിപരീതമായാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശേഷം ചിത്രത്തിലെ 'പെരിയോനേ' എന്ന ഗാനം ഗായകനായ ജിതിനും എ ആര്‍ റഹ്മാനും ചേര്‍ന്ന് സ്റ്റേജില്‍ ആലപിച്ചു. ഈ ഗാനത്തിന്റെ ആദ്യ രണ്ട് വരികൾ എഴുതിയത് എആർ റഹ്മാൻ തന്നെയാണെന്നും തുടര്‍ന്ന് റഫീക്ക് അഹമ്മദ് വെളിപ്പെടുത്തി.
തുടര്‍ന്ന് പലസ്തീനിയൻ ഗായികയും എആർ റഹ്മാൻ്റെ സൂഫി കണ്‍സേര്‍ട്ടുകളിലെ സ്ഥിരം സാന്നിദ്ധ്യവുമായ സന മൂസ ഒരു വടക്കന്‍ പലസ്തീനിയന്‍ നാടോടിഗാനം വേദിയില്‍ അവതരിപ്പിച്ചു. ഏറെ പ്രതിഭാധനയായ ഈ ഗായികയെ കണ്ടെത്തിയതിനെക്കുറിച്ച് എ ആര്‍ റഹ്മാന്‍ തുടര്‍ന്ന് സംസാരിച്ചു, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിനിടയിലും തളരാതെ ധൈര്യപൂര്‍വ്വം നിലകൊള്ളാന്‍ കഴിഞ്ഞ അവരുടെ മനോധൈര്യം അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടർന്ന് ചിന്മയി ശ്രീപദയും വിജയ് യേശുദാസും ചേർന്ന് 'നിന്നെ കിനാവു കാണും' എന്ന മനോഹരമായ യുഗ്മഗാനം വേദിയില്‍ ആലപിച്ചു. തുടര്‍ന്ന് ആല്‍ബത്തിലെ അവസാന ഗാനമായ അറബി സൂഫി ഗാനം എ ആര്‍ റഹ്മാനൊപ്പം മുർതസ, രാജാ ഹസ്സൻ, ഫൈസ് എന്നിവർ ചേർന്ന് ആലപിച്ചു. സിനിമയുടെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നിലാണ് ഈ ഗാനം വരുന്നതെന്ന് ബ്ലെസി വെളിപ്പെടുത്തി.
ആടുജീവിതം എന്ന സിനിമയിലേക്കുള്ള തൻ്റെ യാത്രയെക്കുറിച്ച് സംസാരിച്ച പൃഥ്വിരാജ്, ബ്ലെസി ചെയ്ത ത്യാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ ത്യാഗങ്ങളും കഷ്ടപ്പാടും ഒന്നുമല്ലെന്ന് പറഞ്ഞു. ആടുജീവിതത്തിനു വേണ്ടിയുള്ള എ ആർ റഹ്മാൻ്റെ പ്രയത്നത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു, "അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതവും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. ഈ സിനിമയ്ക്ക് വേണ്ടി അങ്ങു ചെയ്ത പ്രയത്നങ്ങള്‍ക്ക് നന്ദി. ഈ സിനിമയിലെ നജീബിനെ പോലെത്തന്നെ മഹാനായൊരു വ്യക്തിയാണ് അങ്ങ്. "
തുടര്‍ന്ന് നജീബിൻ്റെ റോളിലേക്ക് പൃഥ്വിരാജിനെ തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് ബ്ലെസി പറഞ്ഞു, “ശാരീരികമായും മാനസികമായും ഏറെ പ്രയത്നം ആവശ്യപ്പെടുന്ന കഥാപാത്രമായിരുന്നു നജീബ്, അതിന് അചഞ്ചലമായൊരു അർപ്പണബോധം ആവശ്യമാണ്, ആ അര്‍പ്പണബോധം ഞാൻ പൃഥ്വിരാജില്‍ കണ്ടു. തൻ്റെ ജീവിതത്തിൻ്റെ 10 വർഷത്തോളം ഈ ഒരു ചിത്രത്തിന് വേണ്ടി മാത്രം ചെലവഴിക്കാന്‍ പൃഥ്വിരാജ് കാണിച്ച മനസ്സിനെക്കുറിച്ച് ബ്ലെസ്സി കൂട്ടിച്ചേർത്തു, "നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് കെട്ടുകഥകൾ മാത്രമാണെന്ന് പറയുന്ന ബെന്യാമിൻ്റെ പുസ്തകത്തിലെ വരി ഞാൻ ഓർമ്മിക്കുന്നു. ഈ ചിത്രത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള യാത്ര അത്തരത്തിലുള്ള ഒരു കഥയായി ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റിൽസ് - അനൂപ് ചാക്കോ, മാർക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.