ഈ വര്‍ഷം സംവിധായകരായ നടന്‍മാര്‍ ഇവരാണ്

2019 ലെ അവസാന സിനിമയും തിയറ്ററുകളില്‍ എത്തിച്ചേര്‍ന്ന ഈ സാഹചര്യത്തില്‍ ഈ വര്‍ഷം നടന്മാരില്‍ സംവിധായകരായവരെ നമുക്ക് പരിചയപ്പെടാം.   

Last Updated : Dec 31, 2019, 04:06 PM IST
ഈ വര്‍ഷം സംവിധായകരായ നടന്‍മാര്‍ ഇവരാണ്

2019 ല്‍ സംവിധായകരായ താരങ്ങള്‍ ആരൊക്കെയാണ്? 2019 ലെ അവസാന സിനിമയും തിയറ്ററുകളില്‍ എത്തിച്ചേര്‍ന്ന ഈ സാഹചര്യത്തില്‍ ഈ വര്‍ഷം നടന്മാരില്‍ സംവിധായകരായവരെ നമുക്ക് പരിചയപ്പെടാം. 

ഹരിശ്രീ അശോകന്‍ (ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി)

ഈ വര്‍ഷം ആദ്യം സംവിധായകനായ നടന്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഹരിശ്രീ അശോകനാണ്. മാര്‍ച്ചില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രമായ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി ഇറങ്ങിയത്‌. 

രാഹുല്‍ മാധവ്, ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, മനോജ് കെ. ജയന്‍, ബിജുക്കുട്ടന്‍, ദീപക് പരമ്പോല്‍, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

മാത്രമല്ല ഹരിശ്രീ അശോകനടക്കം കോമഡിതാരങ്ങളായ ഇന്നസെന്റ്, സലിംകുമാര്‍, കൊളപ്പുള്ളി ലീല, ബിജുക്കുട്ടന്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരന്നിരുന്നു. 

മലേഷ്യയില്‍ നിന്ന് ബിസിനസ് മതിയാക്കി ഒരു കുടുംബം നാട്ടിലെത്തുന്നതും പിന്നീട് അവരുടെ ജീവിതത്തില്‍ നാട്ടിലെ അഞ്ച് ചെറുപ്പക്കാര്‍ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ തുടക്കം. 

രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ഹരിശ്രീ അശോകന്‍റെ മകനും നടനുമായ അര്‍ജുന്‍ അശോക് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. 

ഗോപി സുന്ദര്‍, അരുണ്‍ രാജ്, നാദിര്‍ഷ എന്നിവര്‍ സംഗീതമൊരുക്കിയ ഗാനങ്ങള്‍ ശ്വേത, ഹരിശങ്കര്‍, അഫ്‌സല്‍, അന്തോണി, അന്‍വര്‍ സാദത്ത്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ്‌ പാടിയത്.

കൂടാതെ ഒന്നിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗീതു മോഹന്‍ദാസ്, നാദിര്‍ഷ, ക്യാപ്റ്റന്‍ രാജു എന്നിവരുടെ ചിത്രങ്ങളും ഇതേ വര്‍ഷം തന്നെയാണ് തിയേറ്ററുകളില്‍ എത്തിയത്.

പൃഥിരാജ് (ലൂസിഫര്‍)

പൃഥിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ മലയാള സിനിമയില്‍ ഒരു പുതിയ ചരിത്രം രചിച്ചുവെന്ന് തന്നെ പറയാം. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.  

ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി ആദ്യ ചിത്രത്തിലൂടെ തന്നെ പൃഥി സ്വന്തമാക്കി. 150 കോടി രൂപ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്‍റെ തന്നെ പുലിമുരുകനെയും അട്ടിമറിച്ചാണ് ലൂസിഫര്‍ കുതിച്ചത്.

ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. 'എമ്പുരാന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ ( ലൗ ആക്ഷന്‍ ഡ്രാമ)

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൗ ആക്ഷന്‍ ഡ്രാമ. 2019 സെപ്റ്റംബര്‍ 5 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇതൊരു കോമഡി-റൊമാന്റിക് സിനിമയാണ്.

ഓണക്കാല ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ഇത്. നയന്‍താരയെയും നിവിനെയും പ്രധാനതാരങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ.

നടന്‍ അജു വര്‍ഗീസും വൈശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്. ചിത്രത്തില്‍ ഷാന്‍ റഹ്മാനാണ് സംഗീതസംവിധാനം നടത്തിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം ജോമോൻ ടി ജോണും റോബിൻ വർഗീസ് രാജും ചേർന്നാണ് നിർവഹിച്ചത്.

കലാഭവന്‍ ഷാജോണ്‍ (ബ്രദേഴ്സ് ഡേ)

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്‌ ബ്രദേഴ്സ് ഡേ. 2019 സെപ്റ്റംബര്‍ 5 നായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 

ട്രാഫിക്, ഹൗ ഓള്‍ഡ്‌ ആര്‍ യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ നിർമ്മിച്ച ചിത്രമാണിത്. 

പൃഥ്വിരാജ് നായകനായ ഈ ചിത്രത്തിൽ മിയ ജോർജ്ജ്, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് നായികമാർ. ഫോർ മ്യൂസിക് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചു. 

തമിഴ് ചലച്ചിത്ര നടൻ പ്രസന്ന ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു. 2019 ജൂലൈ 21ന്‌ പുറത്ത് വന്ന ഈ ചിത്രത്തിന്‍റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 

ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി സ്വന്തം കഴിവുകൊണ്ട് അഭിനേതാവെന്ന നിലയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത കലാകാരനാണ് കലാഭവന്‍ ഷാജോണ്‍. 

ഈ ചിത്രത്തിന് ആദ്യമിട്ട പേര് സൂപ്പർ ബ്രദർ എന്നായിരുന്നു. സംവിധായകൻ സിദ്ദിഖിന്‍റെ ചിത്രത്തിന്‍റെ പേര് ബിഗ് ബ്രദർ എന്ന് പ്രഖ്യാപിച്ചതോടെ പേര് മാറ്റുകയായിരുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍ (പതിനെട്ടാം പടി)

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്‌ പതിനെട്ടാം പടി. 2019 ജൂലായ്‌ 5 ന് ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. 

ചിത്രത്തിൽ മമ്മൂട്ടി അമേരിക്കയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എച്ച് കാഷിഫ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധാനം.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്മോക്കിംഗ് പൈപ്പുമായി സ്റ്റൈൽ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. നൂറോളം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം ഏറ്റവും കൂടുതൽ പുതുമുഖങ്ങൾ ഉൾപ്പെടുന്ന മലയാള സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സാമ്പ്രദായിക വിദ്യഭ്യാസ രീതികളുടെ പൊള്ളത്തരങ്ങളും വിദ്യഭ്യാസ മേഖലയിലെ കീഴ്‌വഴക്കങ്ങളെയുമാണ് ഈ ചിത്രത്തിൽ വരച്ചു കാട്ടിയത്.

മുമ്പ് കേരള കഫേ എന്ന പത്ത് ചിത്രങ്ങളുടെ സമാഹാരത്തില്‍ ഐലന്റ് എക്‌സ്പ്രസ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒരു മുഴുനീള ചിത്രമായി ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം പതിനെട്ടാം പടിയായിരുന്നു. 

തിരക്കഥാകൃത്തായി നേരത്തെ തിളങ്ങിയ ശങ്കര്‍ നിരവധി ചിത്രങ്ങളിലും പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ഈ ചിത്രത്തിലും ശങ്കര്‍ തന്നെയാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവര്‍ അതിഥി താരങ്ങളായും ചിത്രത്തില്‍ എത്തിയിരുന്നു. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തിലുണ്ട്. 

18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും കഴിഞ്ഞാണ് പുതുമുഖങ്ങളെ തിരഞ്ഞെടുത്തത്.

Trending News