രാജ്യമൊട്ടാകെ ചർച്ചയായ 'ദി കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്നിഹോത്രി മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ്. ദി ഡൽഹി ഫയൽസ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഇൻസ്റ്റാഗ്രാമിലൂടെ സംവിധായകൻ തന്നെയാണ് പേര് പുറത്തുവിട്ടത്. കശ്മീർ ഫയൽസിനെ സ്വീകരിച്ച എല്ലാ പ്രേക്ഷരോടും ഒരുപാട് നന്ദി. കഴിഞ്ഞ നാലുവർഷമായി അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥമായിട്ടുമാണ് ഞങ്ങൾ പ്രവർത്തിച്ചത്. കശ്മീരിലെ ഹിന്ദു വിഭാഗത്തോട് ചെയ്ത അനീതിയും അവർക്കെതിരെ നടന്ന വംശഹത്യയും എന്താണെന്ന് പൊതുജനം അറിയണമായിരുന്നു.
പുതിയൊരു സിനിമയുടെ ജോലി തുടങ്ങേണ്ട സമയമായി. #ദി ദൽഹി ഫയൽസ് എന്നായിരുന്നു വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നത്. 1990ൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചാണ് കശ്മീർ ഫയൽസ് സംസാരിച്ചത്. ചിത്രത്തിൽ സംസാരിച്ച പ്രമേയം വലിയ സംസാരവിഷയമായി രാജ്യമെമ്പാടും മാറുകയായിരുന്നു. ഇന്നും കശ്മീർ ഫയൽസ് എന്ന ചിത്രം സംസാരവിഷയമായി തുടരുകയാണ്. അനുപം ഖേർ, മിഥുൻ ചക്രവർത്തി തുടങ്ങിയവരാണ് പ്രധാന കഥാപാത്രമായി എത്തിയത്.
വലിയ പ്രൊമോഷനും ബഹങ്ങളുമൊന്നുമില്ലാതെയാണ് ഈ കൊച്ച് ബോളിവുഡ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മാർച്ച് 11നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ഒരു ദിവസത്തിന് ശേഷമാണ് ചിത്രം കേരളത്തിലെത്തിയത്.
10 കോടി രൂപയ്ക്ക് തീർത്ത കശ്മീർ ഫയൽസ് എന്ന ചിത്രം 250 കോടിയിലേറെ രൂപയാണ് തീയേറ്ററിൽ നിന്നും വാരികൂട്ടിയത്. പല തിയ്യേറ്ററുകളിൽ ഇപ്പോഴും കശ്മീർ ഫയൽസ് പ്രദർശനം തുടരുകയാണ്. രാജ്യമൊട്ടാകെ വലിയ കോളിളക്കമാണ് ചിത്രം സൃഷ്ടിച്ചിരുന്നത്. ചിത്രത്തിന് അഭിനന്ദനവുമായി പ്രദാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.
ഇങ്ങനെയുള്ള ചിത്രങ്ങൾ സത്യത്തെ മുന്നോട്ട് കൊണ്ടുവരുന്നെന്നും ചിത്രത്തെ അപകീർത്തിപ്പെടുത്താനും ഇല്ലാതെയാക്കാനും പല ഗൂഢാലോചനകൾ പല കോണുകളിലായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി ഭരിക്കുന്ന പല സംസഥാനങ്ങളിലും വിനോദ നികുതി ഒഴിവാക്കിയിരുന്നു. ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ട്രെൻഡിങ് ആയിരുന്നു ചിത്രം.
Read Also: പുനീത് രാജ്കുമാറിൻറെ അവസാന ചിത്രം 'ജെയിംസ്' സോണി ലിവിൽ സ്ട്രീമിങ്ങ് ആരംഭിച്ചു
ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, കർണാടക, ത്രിപുര,എന്നീ സംസ്ഥാനങ്ങളാണ് സിനിമയെ നികുതിയിൽ നിന്ന് ഒഴിവാക്കിയത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അസമിലെ സർക്കാർ ജീവനക്കാർക്ക് ചിത്രം കാണുവാനായി സർക്കാർ അവധിയും നൽകിയിരുന്നു. സിനിമ കാണാൻ പോകുന്നവർ വിവരമറിയിച്ച് അടുത്ത ദിവസം ടിക്കറ്റ് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഇന്ത്യയൊട്ടാകെ ആദ്യം ചിത്രം എത്തിയിരുന്നത് 630 സ്‌ക്രീനുകളിലാണ്. ആദ്യ ദിനം ചിത്രം 4 കോടി കളക്ഷൻ നേടിയപ്പോൾ രണ്ടാം ദിനം 10 കോടി നേടി. രണ്ടാം ദിവസമോടെ ചിത്രം 2000 സ്‌ക്രീനുകളിലേക്ക് മാറുകയായിരുന്നു. സൂപ്പർ താരങ്ങളൊന്നുമില്ലാതെ ചിത്രം 250 കോടി കളക്ഷൻ നേടിയപ്പോൾ വലിയൊരു തരംഗവും അത്ഭുതവും കൂടിയാണ് ബോളിവുഡ് ഇൻഡസ്ട്രിയിൽ സംഭവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...