K.G.F: Chapter 2: 'രോമാഞ്ചിഫിക്കേഷൻ സീനുകൾ', ക്ലൈമാക്സിൽ ഒരു അടാർ ട്വിസ്റ്റ്; കെ.ജി.എഫ് ചാപ്പ്റ്റർ 2 മാസ് മസാല പടങ്ങൾക്കിടയിലെ 'മോൺസ്റ്റർ'

ആദ്യഭാഗത്തെ അപേക്ഷിച്ച് കഥയ്ക്ക് പ്രാധാന്യം കുറച്ച് മാസ്സ് രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കെ.ജി.എഫ് ചാപ്പ്റ്റർ 2 എടുത്തിരിക്കുന്നത്. 

Written by - Ajay Sudha Biju | Last Updated : Apr 15, 2022, 02:35 PM IST
  • ഗരുഡയുടെ മരണത്തോടെ റോക്കി കെ.ജി.എഫ് പിടിച്ചടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കെ.ജി.എഫ് ചാപ്പ്റ്റർ 2 ന്‍റെ ഇതിവൃത്തം
  • കെ.ജി.എഫ് ആദ്യഭാഗത്തിൽ കണ്ട വില്ലന്മാർക്കൊപ്പം അധീര എന്ന കൊടൂര വില്ലനായി സഞ്ജയ് ദത്തും ഈ ചിത്രത്തിൽ എത്തുന്നുണ്ട്
  • തന്‍റെ രൂപം കൊണ്ടും സംഭാഷണ ശൈലിയിലെ പ്രത്യേകതകൾ കൊണ്ടും പ്രേക്ഷകരിൽ ഭീതി പടർത്തുന്ന ഒരു കഥാപാത്രമായി സ‍ഞ്ജയ് ദത്തിന്‍റെ അധീര മാറുന്നു
  • യാഷിന്‍റെ റോക്കി എന്ന സൂപ്പർ ഹീറോ പരിവേഷമുള്ള നായകന് പോന്ന വില്ലനാവാൻ അധീരക്ക് സാധിക്കുന്നുണ്ട്
K.G.F: Chapter 2: 'രോമാഞ്ചിഫിക്കേഷൻ സീനുകൾ', ക്ലൈമാക്സിൽ ഒരു അടാർ ട്വിസ്റ്റ്; കെ.ജി.എഫ് ചാപ്പ്റ്റർ 2 മാസ് മസാല പടങ്ങൾക്കിടയിലെ 'മോൺസ്റ്റർ'

കെ.ജി.എഫ് ചാപ്റ്റർ 1ന്റെ അവസാനം ആനന്ദ് പറയുന്നത് പോലെ ഇതുവരെ നമ്മൾ കണ്ടതെല്ലാം വെറും ആമുഖം മാത്രമായിരുന്നു. ശരിക്കുള്ള കഥ തുടങ്ങിയത് ഇപ്പോഴാണ്. ഇന്ത്യൻ സിനിമകളിൽ പലപ്പോഴും വൻ ഓളം സൃഷ്ടിച്ച സിനിമകളുടെ രണ്ടാം ഭാഗം നിരാശയായി മാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ബോക്സ് ഓഫീസിൽ അത്ഭുതമായി മാറിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് തന്നെ രണ്ട് അഭിപ്രായം നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം. എന്നാൽ അമിത പ്രതീക്ഷയോടെ രണ്ടാം ഭാഗം കണ്ടവരെപ്പോലും നൂറ് ശതമാനം തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റർ 2. ആദ്യഭാഗം എവിടെ അവസാനിച്ചുവോ അവിടെ നിന്ന് തന്നെയാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. എന്നാൽ ഇത്തവണ ഒരു വ്യത്യാസം ഉണ്ട്, കഥ പറയുന്നത് ആനന്ദല്ല. പകരം പ്രകാശ് രാജാണ്. ചിത്രത്തിന്‍റെ ട്രൈലർ പുറത്ത് വന്നപ്പോൾ മുതൽ വലിയ ആക്ഷേപം നേരിട്ട കഥാപാത്രമായിരുന്നു പ്രകാശ് രാജിന്‍റേത്. കാരണം കെ.ജി.എഫ് ചാപ്റ്റർ 1ലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ആനന്ദ് നാഗ് അവതരിപ്പിച്ച ആനന്ദ് എന്ന മാധ്യമപ്രവർത്തകന്‍റെ കഥാപാത്രം. അദ്ദേഹത്തിന്‍റെ കഥ പറച്ചിൽ രീതിയുടെ പ്രത്യേകതകൾ കൊണ്ട് കെ.ജി.എഫ് ചാപ്റ്റർ 1 പ്രേക്ഷകർക്ക് വലിയൊരു ആവേശം സമ്മാനിച്ചിരുന്നു. പ്രകാശ് രാജിന് ഒരിക്കലും അത്തരമൊരു അനുഭവം നൽകാൻ സാധിക്കില്ലെന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് പ്രേക്ഷകരെ രോമാഞ്ചത്തിന്റെ പുത്തൻ തലങ്ങളിലേക്ക് എത്തിക്കാൻ പ്രകാശ് രാജിന്‍റെ കഥാപാത്രത്തിന് സാധിച്ചു.

ഗരുഡയുടെ മരണത്തോടെ റോക്കി കെ.ജി.എഫ് പിടിച്ചടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കെ.ജി.എഫ് ചാപ്പ്റ്റർ 2 ന്‍റെ ഇതിവൃത്തം. കെ.ജി.എഫ് ആദ്യഭാഗത്തിൽ കണ്ട വില്ലന്മാർക്കൊപ്പം അധീര എന്ന കൊടൂര വില്ലനായി സഞ്ജയ് ദത്തും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. തന്‍റെ രൂപം കൊണ്ടും സംഭാഷണ ശൈലിയിലെ പ്രത്യേകതകൾ കൊണ്ടും പ്രേക്ഷകരിൽ ഭീതി പടർത്തുന്ന ഒരു കഥാപാത്രമായി സ‍ഞ്ജയ് ദത്തിന്‍റെ അധീര മാറുന്നു. യാഷിന്‍റെ റോക്കി എന്ന സൂപ്പർ ഹീറോ പരിവേഷമുള്ള നായകന് പോന്ന വില്ലനാവാൻ അധീരക്ക് സാധിക്കുന്നുണ്ട്.

ആദ്യഭാഗത്തെ അപേക്ഷിച്ച് കഥയ്ക്ക് പ്രാധാന്യം കുറച്ച് മാസ്സ് രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കെ.ജി.എഫ് ചാപ്പ്റ്റർ 2 എടുത്തിരിക്കുന്നത്. ഇതുകൊണ്ട് തന്നെ ഓരോ പത്ത് മിനിറ്റ് ഇടവിട്ടും പ്രേക്ഷകരെ രോമാഞ്ചപ്പെടുത്തുന്ന മാസ്സ് രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. ആർക്കും പ്രവചിക്കാനാകാതെ മിനിറ്റുകൾ വച്ച് മാറി മറിയുന്ന കഥാഗതിയും ട്വിസ്റ്റുകളും പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. പ്രേക്ഷകരെ ആവേശത്തിന്‍റെ കൊടുമുടി കയറ്റാൻ കെ.ജി.എഫ് ചാപ്പ്റ്റർ 2 വിന് സാധിക്കുന്നുണ്ട്. മാസ് മസാല ചിത്രങ്ങളുടെ ഒരു ശരാശരി ആരാധകനെക്കൊണ്ട് ആർപ്പ് വിളിപ്പിച്ച് തൊണ്ട പൊട്ടിക്കുന്നതരം രംഗങ്ങളാണ് സംവിധായകനായ പ്രശാന്ത് നീൽ, കെ.ജി.എഫ് 2 ൽ ഒരുക്കിയിരിക്കുന്നത്. ശങ്കർ, രാജമൗലി എന്നീ ബ്രഹ്മാണ്ട സംവിധായകരുടെ ലിസ്റ്റിലേക്ക് കെ.ജി.എഫ് ചാപ്പ്റ്റര്‍ 2 വിലൂടെ പ്രശാന്ത് നീലും കടന്ന് വന്നിരിക്കുകയാണ്. ഒരു ആക്ഷൻ ചിത്രത്തിന്‍റെ പ്രധാന ഘടകമാണ് അതിന്‍റെ എ‍ഡിറ്റിങ്. ചിത്രത്തിൽ ഒരു കാർ ചെയ്സിങ് സീനിൽ ചെയ്തിരിക്കുന്ന വ്യത്യസ്തമായ ശൈലിയിലെ എഡിറ്റിങ് എടുത്ത് പറയേണ്ടതാണ്. ആക്ഷൻ രംഗങ്ങൾക്കിടെ സ്ക്രീൻ ബ്ലാങ്ക് ആയി, വീണ്ടും ആക്ഷൻ തുടരുന്നതൊക്കെ പുതിയൊരു അനുഭവം ആയിരുന്നു. ചിത്രത്തിന്‍റെ മലയാളം ഡബ്ബിങ് ആദ്യ ഭാഗത്തേക്കാൾ മികച്ച നിലവാരം പുലർത്തി. മലയാളത്തിലെ സംഭാഷണങ്ങളും ഗാനങ്ങളും ഒറിജിനൽ വെർഷനെ കളങ്കപ്പെടുത്താതെ പ്രേക്ഷകർക്ക് മികച്ച അനുഭവമായി മാറി.

ശ്രീനിധി ഷെട്ടിയുടെ റീന എന്ന നായികാ കഥാപാത്രത്തിന് ആദ്യ ഭാഗത്തെക്കാൾ സ്ക്രീൻ സ്പെയ്സ് കെ.ജി.എഫ് ചാപ്പ്റ്റർ 2 ൽ ലഭിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ പ്രത്യേകിച്ച് എടുത്ത് പറയത്തക്ക നായികാ പ്രാധാന്യം ചിത്രത്തിലില്ല. രവീണ ടണ്ടൻ അവതരിപ്പിച്ച രശ്മിക സെൻ എന്ന പ്രധാനമന്ത്രി, സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ഈ കഥാപാത്രം കെ.ജി.എഫിലെ പ്രശ്നങ്ങളിലേക്ക് കടന്ന് ചെല്ലുന്നതും തുടർന്ന് ഇവർക്കും റോക്കിക്കും ഇടയിലെ പോരാട്ടവുമെല്ലാം ചിത്രത്തിലെ പ്രധാന വഴിത്തിരിവുകളായി മാറുന്നുണ്ട്.

അർച്ചന ജോയിസ് അവതരിപ്പിച്ച റോക്കിയുടെ അമ്മയുടെ കഥാപാത്രം ആദ്യ ഭാഗത്ത് തീ ആയിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിൽ കാട്ടു തീ ആയി മാറുകയാണ്. റോക്കി എന്ന വ്യക്തിയുടെ ജീവിതത്തിലെ ഓരോ വളർച്ചയ്ക്കും വളമിട്ട് കൊടുക്കുന്ന ഈ അമ്മ കഥാപാത്രം കെ.ജി.എഫ് ചാപ്പ്റ്റർ 2 വിൽ അവസാനം വരെ നിറഞ്ഞ് നിൽക്കുന്നു. മാസ് മസാല ചിത്രങ്ങളിൽ ശക്തരായ നായക‍ന്മാർക്ക് പിന്നിൽ അവരേക്കാൾ ശക്തരായ അച്ഛൻ കഥാപാത്രങ്ങളെയാണ് സാധാരണയായി കാണാൻ സാധിക്കുന്നത്. ഇവ കാരണം നന്മമരങ്ങളും ധൈര്യശാലികളുമായ നായകന്മാരെ 'തന്തക്ക് പിറന്നവനാണ്' അല്ലെങ്കിൽ 'അവൻ അവന്‍റെ അച്ഛന്‍റെ മകനാണ്' എന്നൊക്കെ സിനിമയില സഹ താരങ്ങൾ വിശേഷിപ്പിക്കുന്നത് ഭൂരിഭാ​ഗം ഇന്ത്യൻ ചിത്രങ്ങളിലും നമ്മൾ കാണാറുണ്ട്. ഇത്, മക്കളുടെ നേട്ടങ്ങൾക്ക് അവരുടെ അച്ഛന്മാരാണ് കാരണം എന്ന പൊതു ബോധവും സമൂഹത്തിൽ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇത്തരം ചിത്രങ്ങൾക്ക് ഒരു അപവാദമാണ് കെ.ജി.എഫ് ചാപ്പ്റ്റർ 2. അച്ഛൻ ആരായാലും നല്ല അമ്മമാർ ഉണ്ടെങ്കിൽ മക്കൾ ധീരന്മാരും നന്മയുള്ളവരുമായി മാറുമെന്ന ആശയം ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നു. ചിത്രത്തിൽ റോക്കിയുടെ അമ്മയെ അവതരിപ്പിച്ചിരിക്കുന്ന ഓരോ രംഗവും പ്രേക്ഷകരിൽ രോമാഞ്ചം ഉണ്ടാക്കുന്നുണ്ട്.

എന്നാൽ ഒരു ഭാഗത്ത് അമ്മയെ വാനോളം പുകഴ്ത്തുമ്പോഴും മറ്റൊരു വശത്ത് ശക്തമായ സ്ത്രീ വിരുദ്ധതയും ചിത്രം ബാക്കിയാക്കുന്നുണ്ട്. ഇഷ്ടപ്പെട്ട പെണ്ണിനെ ബന്ധിയാക്കി അവളെ  ആകർഷിക്കാനായി നായകൻ ചൊയ്ത് കൂട്ടുന്ന ഗോഷ്ടികളെ ഹീറോയിസം ആക്കി കാണിക്കുന്നതൊക്കെ അങ്ങേയറ്റം അരോചകമായാണ് അനുഭവപ്പെട്ടത്. അവസാനം സ്റ്റോക്ക്ഹോം സിൻഡ്രോം ബാധിച്ചയാളെപ്പോലെ നായിക നായകനെ ഇഷ്ടപ്പെടുന്നതൊക്കെ സ്ഥിരം കണ്ട് മടുത്ത പഴഞ്ചൻ ചിന്താഗതികൾ ആണ്. 2022 ൽ പാൻ ഇന്ത്യൻ ചിത്രമായി പുറത്ത് വന്ന കെ.ജി.എഫ് ചാപ്പ്റ്റർ 2 ൽ പിൻതിരിപ്പൻ ആശയം മഹത്വവൽക്കരിക്കപ്പെടുമ്പോൾ അത് നമ്മുടെ പൊതു സമൂഹത്തെ എത്ര മാത്രം പിന്നോട്ട് നടത്തിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ചിത്രത്തിലെ ഈയൊരു ന്യൂനത കെ.ജി.എഫിലെ മറ്റ് ആകർഷകങ്ങളെപ്പോലും കളങ്കപ്പെടുത്തുന്ന ഒന്നായി നിലനിൽക്കുന്നു. എന്തായാലും ഒപ്പം പുറത്തിറങ്ങിയ വിജയ് ചിത്രം ബീസ്റ്റ് വീണതോടെ കെ.ജി.എഫ് ഇന്ത്യൻ ബോക്സ് ഓഫീസിൽ പുത്തൻ മായാജാലങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News