മമ്മൂട്ടി-അഖിൽ അഖിനേനി ചിത്രം ഏജന്റ് ഒടിടിയിലെത്തുന്നു. മെയ് 19 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. തെലുങ്ക് കൂടാതെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എ കെ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം സുരേന്ദർ റെഡ്ഢിയാണ് സംവിധാനം ചെയ്തത്. ഒരു തെലുങ്ക് ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ അമാനുഷിക എലമെന്‍റുകളും സമം ചേർത്ത് നിർമ്മിച്ചിട്ടും യാതൊരു വിധത്തിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ ഏജന്‍റിനായില്ല. ചിത്രത്തിന്‍റെ പശ്ചാത്തലം തന്നെയാണ് അതിന്‍റെ പ്രധാന കാരണം.
മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത്. നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.
Also Read: Actor Vikram: റിഹേഴ്‌സലിനിടെ നടൻ വിക്രമിന് പരിക്ക്; തങ്കലാൻ ഷൂട്ടിങ്ങിൽ നിന്ന് ബ്രേക്ക് എടുക്കും
ചെറുപ്പം മുതലേ റോ ഏജന്‍റ് ആകാൻ സ്വപ്നം കാണുകയും അതിന് വേണ്ടി തന്‍റേതായ ഒരു മായാലോകത്ത് ജീവിക്കുകയും ചെയ്യുന്ന റിക്കിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. റോ ചീഫ് ആയ കേണൽ മഹാദേവ് ആണ് റിക്കിയുടെ ആരാധനാ പുരുഷൻ. ഏജന്‍റാകാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും റിക്കി റോയിലേക്ക് അയക്കുന്ന എല്ലാ അപേക്ഷകളും നിരസിക്കപ്പെടുന്നു. എന്നാൽ ഒരു പ്രത്യേക മിഷന് വേണ്ടി റിക്കിയെ കേണൽ മഹാദേവൻ റോയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത്.
ഒരു ആക്ഷൻ ചിത്രത്തിന്‍റെ നട്ടെല്ല് അതിനായി നൽകുന്ന സാങ്കേതിക മികവാണ്. എന്നാൽ ആ കാര്യത്തിൽ ഏജന്‍റ് എന്ന ചിത്രം പൂർണമായും പരാജയപ്പെടുകയാണ്. വീഡിയോ ഗെയിമുകളെ ഓർമ്മിപ്പിക്കുന്ന ചിത്രത്തിലെ വിഎഫ്എക്സ് വർക്കുകൾ വളരെയധികം അരോചകം ആയിരുന്നു. ആർ.ആർ.ആർ, ബാഹുബലി പോലെ വിഎഫ്എക്സിൽ ലോകോത്തര നിലവാരം പുലർത്തുന്ന ചിത്രങ്ങൾ പുറത്തിറങ്ങിയ ടോളിവുഡില്‍ നിന്നാണ് തൊണ്ണൂറുകളിലെ മലയാളം സിനിമകളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ മോശം വിഎഫ്എക്സ് രംഗങ്ങളുമായി ഏജന്‍റ് പുറത്തിറങ്ങിയത് എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത.
ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...