സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി ബേസിൽ ജോസഫ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി എന്ന ചിത്രത്തിനാണ് ബേസിൽ പുരസ്ക്കാരം ലഭിച്ചത്. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിക്കും ബേസിലിനും അംഗീകാരം ലഭിച്ചത്.
ബേസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ടൊവിനോ തോമസ്, സഞ്ജു സാംസൺ, സൈജു കുറിപ്പ്, സിജു വിൽസൺ, അജു വർഗീസ് തുടങ്ങി നിരവധി പേർ ബേസിലിന് ആശംസയറിയിച്ചു. പുരസ്കാര വേദിയിലെ ബേസിലിന്റെ പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നകയാണ്. മലയാള സിനിമയുടെ ഭാഗമായതിലും ഇന്ത്യയെ പ്രതിനിധീകരിച്ച് വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും അഭിമാനമുണ്ടെന്ന് ബേസിൽ പറഞ്ഞു.
ബേസിലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെ...
‘സിംഗപ്പൂരില്‍ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ 16 രാജ്യങ്ങളിൽ നിന്നും മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഈ പുരസ്കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പാണ്. നെറ്റ്ഫ്ലിക്‌സ്, സിനിമയിലെ അഭിനേതാക്കള്‍, എഴുത്തുകാര്‍, ഛായാഗ്രഹകൻ അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും നന്ദി പറയുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ലായിരുന്നു.’’ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2021 ഡിസംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. കോവിഡ് പ്രതിസന്ധി കാരണം നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് മിന്നല്‍ മുരളി. ഭാഷക്ക് അധീതമായി സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കിംഗ് മികവ് കൊണ്ട് ഏറെ ചർച്ചയായ ചിത്രവുമായിരുന്നു മിന്നൽ മുരളി.
സമീർ താഹിർ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് വ്‌ളാഡ് റിംബർഗാണ്. ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ് ചെയ്തത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ ഫെമിന ജോർജ്, ബിജുക്കുട്ടൻ, സ്‌നേഹ ബാബു, ജൂഡ് ആന്റണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...